
ഇറാൻ യുദ്ധം മൂലം യുഎസ് ആയുധശേഷിയിൽ വൻ കുറവുണ്ടായെന്ന റിപ്പോർട്ടുകളെ തുടർന്നു പ്രതിരോധ രഹസ്യം ചോർത്തുന്നവരെ കണ്ടെത്താൻ പെന്റഗൺ 50 ജീവനക്കാരെ പോളിഗ്രാഫ് നുണ പരിശോധനയ്ക്കു വിധേയരാക്കിയെന്നു റിപ്പോർട്ട്.
സൈന്യത്തിന്റെ ജോയിന്റ് സ്റ്റാഫ് അംഗങ്ങളാണ് ഇവർ. മാധ്യമങ്ങൾക്കു പ്രതിരോധ രഹസ്യങ്ങൾ എങ്ങിനെ കിട്ടി എന്ന അന്വേഷണം ഊര്ജിതമായപ്പോഴാണ് ഓഗസ്റ്റിൽ ഈ നടപടി ഉണ്ടായതെന്നു ന്യൂ യോർക്ക് ടൈംസ് പറഞ്ഞു. ദീർഘദൂര മിസൈലുകളും പേട്രിയട്ട് കവചങ്ങളും തീർന്നു പോയെന്നു റിപ്പോർട്ടുകൾ വന്നിരുന്നു.
മാധ്യമങ്ങൾക്കു വിവരങ്ങൾ ലഭിക്കാതിരിക്കാൻ കൂടി ഉദ്ദേശിച്ചാണ് ഈ നടപടിക്കു പെന്റഗൺ തുനിഞ്ഞതെന്നു കരുതപ്പെടുന്നു.
മുതിർന്ന സൈനിക ഉദ്യോഗസ്ഥന്മാരെ ഇത്തരം പരിശോധാനകൾക്കു വിധേയരാക്കുന്നത് ആധുനിക ചരിത്രത്തിൽ തന്നെ അപൂർവ സംഭവമാണ്. അതിന്റെ വ്യാപ്തിയാവട്ടെ അമ്പരപ്പ് ഉളവാക്കി.
വാർത്ത ചോർത്തിയവരെ വിട്ടുവീഴ്ചയില്ലാതെ വേട്ടയാടാൻ പ്രസിഡന്റ് ട്രംപ് നിർദേശം നൽകിയിരുന്നു. പടക്കോപ്പുകൾ തീർന്നു പോയെന്ന വാർത്ത രാജ്യദ്രോഹമാണെന്ന് അദ്ദേഹം പറയുകയും ചെയ്തു.
എന്നാൽ പെന്റഗണിൽ അവിശ്വാസത്തിന്റെ അന്തരീക്ഷം സൃഷ്ട്ടിച്ചു എന്ന ആരോപണം വാർ സെക്രട്ടറി പീറ്റ് ഹേഗ്സേത്തിനെതിരെ ഉയർന്നിട്ടുണ്ട്. ഉന്നത തലത്തിലെ ഭിന്നതകൾ രൂക്ഷമായപ്പോൾ കഴിഞ്ഞ മാസം ആർമി സെക്രട്ടറി രാജി വച്ചിരുന്നു. ഹേഗ്സേഥ് കൂടുതൽ പേരെ പുകച്ചു പുറത്തു ചാടിക്കയും സ്വന്തക്കാരെ പകരം പ്രതിഷ്ഠിക്കയും ചെയ്യുന്നു എന്ന ആരോപണം ഉയർന്നിട്ടുമുണ്ട്.
80 ജനറൽമാരുടെയും അഡ്മിറൽമാരുടെയും പ്രമോഷൻ അദ്ദേഹം തടഞ്ഞിട്ടുണ്ട്. ചോർച്ച അന്വേഷണം കഴിഞ്ഞ വർഷം മുതൽ നടക്കുന്നുമുണ്ട്.
'സിഗ്നൽ' ഗ്രൂപ്പിലെ ചിലർക്ക് യെമെനിൽ നടത്താനിരിക്കുന്ന ആക്രമണത്തെ കുറിച്ചു വിവരം നൽകി എന്ന കുറ്റം അദ്ദേഹത്തിന്റെ മേൽ ഉയർന്നിരുന്നു താനും. മേയ് 5നു ശേഷം ഇറാൻ യുദ്ധത്തെ കുറിച്ച് അദ്ദേഹം മാധ്യമങ്ങളോടു സംസാരിച്ചിട്ടില്ല.
Pentagon does polygraph on 50 staff members over leaks