Image

ഇറാന്റെ പിക്കാക്സ് മലനിരകളിൽ വൈകാതെ ആക്രമണം നടത്തുമെന്നു ട്രംപ് (പിപിഎം)

Published on 05 September, 2026
ഇറാന്റെ പിക്കാക്സ് മലനിരകളിൽ വൈകാതെ ആക്രമണം നടത്തുമെന്നു ട്രംപ് (പിപിഎം)

ഇറാന്റെ ആണവായുധ കേന്ദ്രങ്ങൾ  ഭൂമിക്കടിയിൽ  നൂറു കണക്കിനടി  ആഴത്തിൽ സ്ഥിതി ചെയ്യുന്ന പിക്കാക്സ് മലനിരകളിൽ വൈകാതെ ആക്രമണം നടത്തുമെന്നു പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ് വെള്ളിയാഴ്ച്ച ഓവൽ ഓഫിസിൽ മാധ്യമങ്ങളോടു പറഞ്ഞു.  

ഇറാന്റെ അണ്വായുധ പരിപാടി തകർക്കുക എന്നതാണ് യുദ്ധം ആരംഭിച്ചപ്പോൾ ഉണ്ടായിരുന്ന പ്രധാന ലക്ഷ്യമെന്നു ട്രംപ് വെള്ളിയാഴ്ച്ച ആവർത്തിച്ചു. "യുദ്ധം അഞ്ചു മാസമായി. അഞ്ചു മാസം കൊണ്ടു നമ്മൾ എന്താണ് നേടിയതെന്ന് അറിയാമോ? അവർക്ക് ഇനി അണ്വായുധം ഉണ്ടാക്കാൻ കഴിയില്ല.

പിക്കാക്സിൽ ആണവായുധ നിർമാണത്തിനു നീക്കമുണ്ടെന്നു കണ്ടാൽ അത് തകർക്കുമെന്നു ട്രംപ് പറഞ്ഞു. "അവിടന്നുള്ള എല്ലാ വിവരങ്ങളും നമുക്ക് അറിയാം. എന്തെങ്കിലും പ്രശ്നമുണ്ടാക്കും എന്നു തോന്നിയാൽ അപ്പോൾ തന്നെ നമ്മൾ ശക്തമായി ആക്രമിക്കും."

യുഎസും ഇസ്രയേലും നടത്തിയ ആക്രമണങ്ങളിൽ കേടുപറ്റിയ നതാൻസ് ആണവ കേന്ദ്രത്തിനു സമീപമുള്ള മലനിരകളിൽ 100 മീറ്റർ (330 അടി) വരെ ആഴത്തിലാണ് ഇറാന്റെ ആണവ സെൻട്രിഫ്യൂജുകൾ സ്ഥാപിച്ചിട്ടുള്ളത് എന്നാണ് യുഎസ്-ഇസ്രയേലി ഇന്റലിജൻസിനു ലഭിച്ചിട്ടുള്ള വിവരം. നതാൻസിൽ നടത്തിയ ആക്രമണം കൊണ്ട് ഇറാന്റെ അണുശക്തി പരിപാടി തീർന്നിട്ടില്ലെന്നു കരുതപ്പെടുന്നു. 

പിക്കാക്സിൽ ആക്രമണം നടത്തിയ ശേഷം ഇറാന്റെ അണുശക്തി പരിപാടി തകർത്തെന്ന അവകാശവാദം ഉന്നയിച്ച ശേഷം യുദ്ധം അവസാനിപ്പിക്കാം എന്നതാണ് ട്രംപിന്റെ ലക്‌ഷ്യം എന്നു കരുതപ്പെടുന്നു. ഇറാനുമായുള്ള ഏറ്റുമുട്ടൽ യുഎസിനു നിസാര കാര്യമാണെന്നു ട്രംപും അതൊരു യുദ്ധമല്ല എന്നു വൈസ് പ്രസിഡന്റ് ജെ ഡി വാൻസും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. യുദ്ധത്തിനെതിരെ ശക്തമായ ജനവികാരമുള്ളത് ഇടക്കാല തെരഞ്ഞടുപ്പിൽ തിരിച്ചടി ഉണ്ടാക്കുമെന്ന ആശങ്ക ട്രംപിനുണ്ട്.

ഇറാനെ ആക്രമിച്ചത്തിനെ ട്രംപ് ന്യായീകരിച്ചു. "ഇല്ലെങ്കിൽ ഇപ്പോൾ ഇസ്രയേൽ ഉണ്ടാകുമായിരുന്നില്ല. മിഡിൽ ഈസ്റ്റ് ഉണ്ടാകുമായിരുന്നില്ല. അവർ യുറോപ്പിനെയും ആക്രമിച്ചേനെ, നമ്മുടെ നഗരങ്ങളെയും."  

Trump says US might 'hit' Iran's Pickaxe Mountain 'very soon'

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക