
കൊച്ചി: മട്ടാഞ്ചേരിയിലെ എംഡിഎംഎ വേട്ടയില്‍ എസ്ഐടി രൂപീകരിച്ച് അന്വേഷണം. കഴിഞ്ഞ അഞ്ചു വര്‍ഷമായി ഡല്‍ഹിയില്‍ നിന്നും ട്രെയ്ന്‍ മാര്‍ഗം എംഡിഎംഎ കടത്തുന്നുണ്ടെന്നാണ് പൊലിസിന് ലഭിച്ച വിവരം. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ രണ്ടു കിലോയോളം എംഡിഎംഎയാണ് വെള്ളിയാഴ്ച പൊലിസ് പിടിച്ചെടുത്തത്.
നിരവധി ലഹരി കേസുകളില്‍ പ്രതികളായ മട്ടാഞ്ചേരി കപ്പലണ്ടിമുക്ക് പുതിയറോഡ് സ്വദേശി നൗഫല്‍ (32), ചെന്നാലി പറമ്പില്‍ താഴകത്ത് വീട്ടില്‍ സഫീര്‍ (33) എന്നിവരാണ് കൊച്ചി സിറ്റി പൊലിസിന്റെ വലയില്‍ കുടുങ്ങിയത്. ഡല്‍ഹിയില്‍ നിന്നും പാഴ്സലായി ലഹരി അയച്ചവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
യോദ്ധാവ് ആപ്പ് മുഖാന്തരം പ്രതിയെ കുറിച്ചുള്ള വിവരം ലഭിച്ചതെന്ന് കൊച്ചി സിറ്റി പൊലിസ് കമ്മിഷണര്‍ കാളിരാജ് മഹേഷ് കുമാര്‍ പറഞ്ഞു. ആപ്പില്‍ ലഭിച്ച വിവരം കേന്ദ്രീകരിച്ചാണ് ആളെ ഫോളോ ചെയ്തത്. അതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ വളരെ ചെറിയ അളവിലുള്ള ലഹരി മാത്രമാണ് പാലാരിവട്ടം സ്റ്റേഷന്‍ പരിധിയില്‍ നിന്നും ലഭിച്ചത്.
ഇയാളുടെ മൊബൈല്‍ പരിശോധിച്ചപ്പോഴാണ് പ്രധാന കണ്ണിയായ മട്ടാഞ്ചേരിയിലെ നൗഫലിലേക്ക് എത്തിയത്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വിമാനമാര്‍ഗവും റോഡ് മാര്‍ഗവുമാണ് ലഹരി എത്തിക്കുന്നതെന്നും കാളിരാജ് മഹേഷ് കുമാര്‍ വ്യക്തമാക്കി.
കഴിഞ്ഞ അഞ്ചു വര്‍ഷമായി ഡല്‍ഹിയില്‍ നിന്നും ട്രെയ്ന്‍ മാര്‍ഗം എംഡിഎംഎ കടത്തുന്നുണ്ടെന്നും പൊലിസിന് വിവരം ലഭിച്ചിട്ടുണ്ട്. വിദേശികള്‍ക്കും ലഹരി കൈമാറിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് നൗഫലിന്റെ മട്ടാഞ്ചേരിയിലെ വീട്ടില്‍ നിന്ന് 14 ഗ്രാം എംഡിഎംഎയുമായി പൊലിസ് പിടികൂടിയത്.
തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതികള്‍ കൊണ്ടു വന്ന കാറില്‍ നിന്ന് വന്‍ തോതില്‍ ലഹരിമരുന്ന് കണ്ടെത്തി. കാറില്‍ ടവര്‍ ഫാനിനകത്തും കൂളറിനകത്തും പായ്ക്ക് ചെയ്ത നിലയിലാണ് എംഡിഎംഎ സൂക്ഷിച്ചിരുന്നത്. ലഹരി മരുന്നിന്റെ സാമ്പത്തിക ഉറവിടം കണ്ടെത്തുന്നതിനായി പൊലിസ് അന്വേഷണം നടക്കുകയാണ്.