Image

'ജനങ്ങള്‍ തിരുത്തേണ്ട, പാര്‍ട്ടി തിരുത്തും'; അണികള്‍ക്ക് തെറ്റ് പറ്റിയെന്ന പിണറായിയുടെ വാദം തള്ളി സിപിഐഎം

Published on 05 September, 2026
 'ജനങ്ങള്‍ തിരുത്തേണ്ട, പാര്‍ട്ടി തിരുത്തും'; അണികള്‍ക്ക് തെറ്റ് പറ്റിയെന്ന പിണറായിയുടെ വാദം തള്ളി സിപിഐഎം

 

തിരുവനന്തപുരം: അണികള്‍ക്ക് തെറ്റ് പറ്റിയെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്. പിണറായിയുടെ വ്യാഖ്യാനം സംസ്ഥാന സെക്രട്ടറിയേറ്റ് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ഇല്ല. ജനങ്ങള്‍ തിരുത്തേണ്ട, പാര്‍ട്ടി തിരുത്തുമെന്നും തെറ്റുകള്‍ തിരുത്താന്‍ തയ്യാറാണെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്.

അതേസമയം, സിപിഐഎം വിശാല സംസ്ഥാന സമിതിയില്‍ നിന്ന് വാര്‍ത്തകള്‍ പുറത്തേക്ക് പോകരുതെന്നാണ് പാര്‍ട്ടി നിര്‍ദ്ദേശം. വാര്‍ത്തകള്‍ പുറത്തുപോയാല്‍ പ്രതിനിധികളുടെ ഫോണ്‍ പരിശോധിക്കുമെന്നാണ് മുന്നറിയിപ്പ്. വിമര്‍ശനങ്ങളും തീരുമാനങ്ങളും സംസ്ഥാന സമിതിക്കുള്ളില്‍ നില്‍ക്കണം. ജനങ്ങള്‍ അറിയേണ്ടത് പാര്‍ട്ടി സെക്രട്ടറി വാര്‍ത്താ സമ്മേളനം നടത്തി പറയുമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.

തളിപ്പറമ്പില്‍ നടന്ന രാഷ്ട്രീയ വിശദീകരണ യോഗത്തിലായിരുന്നു പിണറായി വിജയന്‍ അണികളെ പഴിച്ചത്. 'നിങ്ങളെ വഴിതെറ്റിച്ചത് എന്താണെന്ന് ഗൗരവമായി പരിശോധിക്കണം' എന്നായിരുന്നു പിണറായി വിജയന്‍ പറഞ്ഞത്. പരാജയം ഗൗരവമായി കാണുന്നുവെന്നും ആരെയാണ് നിങ്ങള്‍ വിശ്വാസത്തിലെടുത്തതെന്നും പിണറായി വിജയന്‍ ചോദിച്ചിരുന്നു. നിങ്ങള്‍ ചെയ്ത തെറ്റ് ഇപ്പോഴെങ്കിലും തിരുത്താന്‍ തയ്യാറാകണമെന്നും പിണറായി വിജയന്‍ പറഞ്ഞിരുന്നു.

പിണറായി വിജയന്റെ വിശദീകരണങ്ങളില്‍ സിപിഐഎമ്മിനുള്ളില്‍ എതിര്‍പ്പ് ശക്തമാണെന്ന വിവരം പുറത്തുവന്നിരുന്നു. പയ്യന്നൂരിലെയും തളിപ്പറമ്പിലെയും രാഷ്ട്രീയ വിശദീകരണ യോഗങ്ങളില്‍ തെരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് പിണറായി വിജയന്‍ നടത്തിയ വിശദീകരണങ്ങള്‍ സിപിഐഎമ്മിന്റെ കേന്ദ്ര കമ്മിറ്റി അംഗീകരിച്ച തെരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ടിന് വിരുദ്ധമാണെന്ന വിലയിരുത്തലുകളുണ്ടായിരുന്നു.

തെരഞ്ഞെടുപ്പ് തോല്‍വിയില്‍ കേന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ടിനെ പിണറായി വിജയന്‍ വെല്ലുവിളിക്കുകയാണെന്ന നിലപാടിലായിരുന്നു സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗങ്ങളില്‍ ഒരു വിഭാഗം. വിഷയത്തില്‍ കേരളത്തില്‍ നിന്നുള്ള കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ക്കും അതൃപ്തിയുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട് സംഭവിച്ച വീഴ്ചകള്‍ പാര്‍ട്ടി കേന്ദ്രകമ്മിറ്റി തുറന്നുകാട്ടിയിട്ടും പിണറായി അത് സമ്മതിക്കാത്തതിലാണ് ഈ വിഭാഗത്തിന് വിയോജിപ്പ്. അണികളെ കുറ്റപ്പെടുത്തി പിണറായി സംസാരിക്കുന്നത് വിശദീകരണങ്ങള്‍ വഷളാക്കുന്നുവെന്നും അഭിപ്രായമുയര്‍ന്നിരുന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക