Image

പോപ്കോണിനും കുടിവെള്ളത്തിനുമടക്കം അമിതവില; കൊച്ചിയിലെ മാളുകളിലെ മള്‍ട്ടിപ്ലക്സ് തീയറ്ററുകളില്‍ പരിശോധന

Published on 05 September, 2026
 പോപ്കോണിനും കുടിവെള്ളത്തിനുമടക്കം അമിതവില; കൊച്ചിയിലെ മാളുകളിലെ മള്‍ട്ടിപ്ലക്സ് തീയറ്ററുകളില്‍ പരിശോധന

 

കൊച്ചി: തീയറ്ററുകളില്‍ പോപ്കോണ്‍, കുടിവെള്ളം അടക്കമുള്ള ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ക്ക് അമിതവില ഈടാക്കുന്നതില്‍ പരിശോധന. മാളുകളിലെ മള്‍ട്ടിപ്ലക്സ് തിയേറ്ററുകളിലെ കഫെറ്റീരിയയിലാണ് ലീഗല്‍ മെട്രോളജി വകുപ്പ് പരിശോധന നടത്തുന്നത്. സാധനങ്ങളുടെ വിലയും തൂക്കവുമാണ് സംഘം പരിശോധിക്കുന്നത്.

സിനിമ കാണാനെത്തുന്ന പ്രേക്ഷകരില്‍ നിന്ന് പോപ്‌കോണ്‍, ശീതളപാനീയങ്ങള്‍, കുപ്പിവെള്ളം, മറ്റ് ലഘുഭക്ഷണങ്ങള്‍ എന്നിവയ്ക്ക് സാധാരണ വിപണിവിലയെക്കാള്‍ ഉയര്‍ന്ന തുക ഈടാക്കുന്നതായി വ്യാപകമായ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് പരിശോധന. തീയറ്ററുകളിലെ ഭക്ഷ്യവില്‍പ്പന കേന്ദ്രങ്ങളില്‍ വ്യക്തമായ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിച്ചിട്ടുണ്ടോയെന്നും പരിശോധന നടത്തുന്നുണ്ട്.

പ്രേക്ഷകര്‍ക്ക് വാങ്ങുന്ന ഭക്ഷ്യസാധനങ്ങളുടെ വില സംബന്ധിച്ച് മുന്‍കൂട്ടി വ്യക്തമായ ധാരണ ലഭിക്കേണ്ടതുണ്ടെന്നും വിലവിവരങ്ങള്‍ മറച്ചുവെച്ചോ അവ്യക്തമായ രീതിയിലോ വില്‍പ്പന നടത്തുന്നത് അംഗീകരിക്കാനാവില്ലെന്നും വിഷയവുമായി ബന്ധപ്പെട്ട് അഭിപ്രായം ഉയര്‍ന്നിരുന്നു. ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനൊപ്പം തീയറ്റര്‍ നടത്തിപ്പുകാരുടെ നിയമപരമായ പരിമിതികളും പരിഗണിച്ചുകൊണ്ടുള്ള ഇടപെടലുകളാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്.

പുറത്തുനിന്ന് കൊണ്ടുവരുന്ന കുപ്പിവെള്ളം ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ തീയറ്ററുകള്‍ക്കുള്ളില്‍ അനുവദിക്കാത്തതിനെതിരെയും വിമര്‍ശനം ശക്തമായിരുന്നു. കുടിവെള്ളം പോലുള്ള അടിസ്ഥാന ആവശ്യവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അനാവശ്യ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് ഉപഭോക്താക്കളുടെ അവകാശങ്ങളെ ബാധിക്കുമെന്ന അഭിപ്രായവും ഉയര്‍ന്നിരുന്നു.

അതേസമയം, സുരക്ഷയും തീയറ്ററുകളുടെ പ്രവര്‍ത്തനരീതിയുമായി ബന്ധപ്പെട്ട നിയമങ്ങളും പരിഗണിച്ച് ഇക്കാര്യത്തില്‍ വ്യക്തമായ മാര്‍ഗനിര്‍ദേശങ്ങള്‍ വേണമെന്ന ആവശ്യവും ശക്തമാണ്. സിനിമ കാണുന്നത് സാധാരണക്കാരന് കൂടുതല്‍ ചെലവേറിയ അനുഭവമാകുന്ന സാഹചര്യം ഒഴിവാക്കണമെന്നതാണ് പ്രധാന ആവശ്യം. ടിക്കറ്റ് നിരക്കിന് പുറമേ ഭക്ഷണത്തിനും പാനീയങ്ങള്‍ക്കും വലിയ തുക ചെലവഴിക്കേണ്ടിവരുന്നത് കുടുംബസമേതം സിനിമ കാണാനെത്തുന്നവരെ ഉള്‍പ്പെടെ ബാധിക്കുന്നുവെന്നും പരാതികള്‍ വന്നിരുന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക