
തപാൽ ബാലറ്റുകൾ നിയന്ത്രിക്കാൻ യുഎസ് പോസ്റ്റൽ സർവീസിന് അധികാരം നൽകുന്ന പ്രസിഡന്റ് ട്രംപിന്റെ എക്സിക്യൂട്ടീവ് ഓർഡർ ബോസ്റ്റണിലെ ഫെഡറൽ ജഡ്ജ് ഇന്ദിര തൽവാനി മൂന്നാം തവണയും വിലക്കി. പോസ്റ്റൽ സർവീസിനെ വിലക്കുന്ന അവരുടെ നേരത്തെയുള്ള താത്കാലിക ഉത്തരവ് സെപ്റ്റംബർ 10നു അസാധുവാകുന്ന സാഹചര്യത്തിൽ ഏറ്റവും പുതിയ ഉത്തരവ് ആ വിലക്ക് അനിശ്ചിത കാലത്തേക്കു നീട്ടുന്നു.
കീഴ്കോടതിയുടെ വിലക്കിനെതിരെ ട്രംപ് സുപ്രീം കോടതിയിൽ വ്യാഴാഴ്ച്ച സമർപ്പിച്ച അടിയന്തര അപ്പീൽ തീരുമാനമാവും മുൻപാണ് തൽവാനിയുടെ മൂന്നാമത്തെ ഉത്തരവ്. ഇടക്കാല തിരഞ്ഞെടുപ്പിനു മുൻപ് സംസ്ഥാനങ്ങളുടെ അധികാരം കവർന്നെടുക്കാൻ നടത്തുന്ന ഈ ശ്രമം ഭരണഘടനാ വിരുദ്ധമാണെന്നു അവർ വീണ്ടും ചൂണ്ടിക്കാട്ടി.
ആർക്കൊക്കെ തപാൽ ബാലറ്റ് നൽകാം എന്നു പോസ്റ്റൽ സർവീസിന് അധികാരം നൽകുമ്പോൾ അതൊരു തിരഞ്ഞെടുപ്പ് ചട്ടമായി മാറുന്നുവെന്നു തൽവാനി ചൂണ്ടിക്കാട്ടി. എന്നാൽ ട്രംപ് ഭരണകൂടം അക്കാര്യം അംഗീകരിച്ച മട്ടില്ല. "അങ്ങിനെയല്ലെന്നു അവർ പറയുന്നത് പൊള്ളയായ വാദമാണ്. അവർ കൊണ്ടുവന്ന ചട്ടം വ്യക്തമായും തിരഞ്ഞെടുപ്പ് നിയന്ത്രിക്കാനുള്ള ശ്രമമാണ്."
കോൺഗ്രസിനും സംസ്ഥാനങ്ങൾക്കുമാണ് തിരഞ്ഞെടുപ്പ് നടത്താനുള്ള ഉത്തരവാദിത്തമെന്നു തൽവാനി പറഞ്ഞു. അതിനുള്ള ഭരണഘടനാ വ്യവസ്ഥയെ മറികടക്കാനാണ് ട്രംപ് ശ്രമിക്കുന്നത്.
സംസ്ഥാനങ്ങൾ തപാൽ ബാലറ്റുകളുടെ വിതരണം ആരംഭിക്കാൻ പോകുന്ന നേരത്താണ് ഈ ശക്തമായ കോടതി വിധി.
ബോസ്റ്റണിൽ, രണ്ടു മണിക്കൂർ നീണ്ട വിചാരണയിൽ 23 ഡെമോക്രാറ്റിക് സ്റ്റേറ്റുകളും വോട്ടവകാശ ഗ്രൂപ്പുകളും വാദങ്ങൾ നിരത്തി. പോസ്റ്റൽ സർവീസിന്റെയും റിപ്പബ്ലിക്കൻ സ്റ്റേറ്റുകളുടെയും പ്രതിനിധികളും.
തിരഞ്ഞെടുപ്പിന് 60 ദിവസം പോലുമില്ല എന്നിരിക്കെ ട്രംപിന്റെ ചട്ടം നടപ്പാക്കിയാൽ ഉണ്ടാകാവുന്ന പ്രശ്നങ്ങൾ ജഡ്ജ് കണക്കിലെടുത്തു.
വോട്ടർമാർക്ക് അയോഗ്യത ഉണ്ടാവും
സംസ്ഥാനങ്ങൾ തിരഞ്ഞെടുപ്പ് സുരക്ഷയ്ക്ക് ഉണ്ടാക്കിയ ചട്ടങ്ങൾക്കു എതിരെ പ്രവർത്തിക്കാൻ ട്രംപിന്റെ ഉത്തരവ് അവരെ നിർബന്ധിക്കയാണെന്നു തൽവാനി സമ്മതിച്ചു. കുറെ വോട്ടർമാർക്ക് അയോഗ്യത കൽപിക്കാനും അത് ഇടയാക്കും. ഇടക്കാല തിരഞ്ഞടുപ്പ് ഇത്രയും അടുത്തിരിക്കെ തപാൽ വകുപ്പ് ഇത്ര അസാധാരണ തിരക്ക് കാട്ടുന്നത് എന്തിനാണെന്ന് അവർ ചോദിച്ചു. മില്യൺ കണക്കിനു വോട്ടർമാരുടെ അവകാശം എടുത്തു കളയുന്ന നടപടിയിലേക്കാണ് അതു നയിക്കുന്നത്.
ആർക്കൊക്കെ തപാൽ ബാലറ്റ് കിട്ടണമെന്നു തീരുമാനിക്കാൻ പോസ്റ്റൽ സർവീസിന് അധികാരം നൽകുന്ന ചട്ടം വിലക്കിയത് ഏറെ സന്തോഷകരമാണെന്നു കൊളറാഡോ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ജെന ഗ്രിസ്‌വേൾഡ് പറഞ്ഞു. "അവർ തപാൽ എത്തിച്ചു കൊടുത്താൽ മതി, ആര് വോട്ട് ചെയ്യണമെന്നു തീരുമാനിക്കേണ്ട."
Judge Talwani blocks Trump order on mail-in ballots a third time