Image

കണ്ണൂർ സ്വദേശിയായ 22കാരി ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ചു; ജപ്പാനിലെത്തിയിട്ട് ആറ് മാസം മാത്രം

Published on 04 September, 2026
 കണ്ണൂർ സ്വദേശിയായ 22കാരി ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ചു; ജപ്പാനിലെത്തിയിട്ട്  ആറ് മാസം മാത്രം

കണ്ണൂർ: ജപ്പാനിലെ കകമിഗാഹാരയിൽ മലയാളി യുവതി ട്രെയിൻ തട്ടി മരിച്ചു. കണ്ണൂർ ഇരിക്കൂർ സ്വദേശിയായ 22കാരിയാണ് മരിച്ചത്. ബുധനാഴ്ച രാത്രി 10.20ഓടെയായിരുന്നു സംഭവം.

മരിച്ച യുവതിയുടെ മൃതദേഹത്തിന് സമീപത്തുനിന്ന് ലഭിച്ച തിരിച്ചറിയൽ കാർഡിലൂടെയാണ് ആളെ തിരിച്ചറിഞ്ഞത്. യുവതി മരിച്ച വിവരം വ്യാഴാഴ്ചയാണ് വീട്ടുകാരെ അറിയിച്ചത്.

നഴ്സിങ് കെയർ ജോലിക്കായി ആറ് മാസം മുൻപാണ് യുവതി ജപ്പാനിലെത്തിയത്. അപകടത്തിലുണ്ടായ പരിക്കുകൾ ഗുരുതരമായതിനാൽ മൃതദേഹം നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട നടപടികളിൽ പ്രാദേശിക ഭരണകൂടം ബുദ്ധിമുട്ട് അറിയിച്ചതായാണ് വിവരം.

മൃതശരീരം ചിന്നിച്ചിതറിയ നിലയിലായതിനാൽ കേരളത്തിലേക്ക് കൊണ്ടുവരുന്നത് പ്രയാസമാണെന്നാണ് അധികൃതർ ബന്ധുക്കളെ അറിയിച്ചത്. ബന്ധുക്കൾ ജപ്പാനിലെത്തിയശേഷം അവിടെ തന്നെ സംസ്കാരം നടത്തുന്നതും ആലോചനയിലുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. അപകടത്തിന്റെ സാഹചര്യവും മറ്റ് വിശദാംശങ്ങളും അധികൃതർ പരിശോധിച്ചുവരികയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക