Image

യുഎസ് ആക്രമണം ശക്തം; ഇറാൻ ഭരണകൂടം ഉടൻ തകർന്നേക്കുമെന്ന് നെതന്യാഹു

Published on 04 September, 2026
യുഎസ് ആക്രമണം ശക്തം; ഇറാൻ ഭരണകൂടം ഉടൻ തകർന്നേക്കുമെന്ന് നെതന്യാഹു

ടെൽ അവീവ്: അമേരിക്ക  സൈനിക ആക്രമണങ്ങൾ പുനരാരംഭിച്ചതോടെ ഇറാനിലെ ഇസ്ലാമിക് ഭരണകൂടം തകർച്ചയുടെ വക്കിലാണെന്നും, അതിനെ അട്ടിമറിക്കുക എന്നത് ഇനി കൈയെത്തും ദൂരത്താണെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രയേൽ സൈനിക തലവന്മാർ പങ്കെടുത്ത ചടങ്ങിൽ സംസാരിക്കവെ ആയിരുന്നു നെതന്യാഹുവിന്റെ പരാമർശം.  "ഇറാൻ ഭരണകൂടം നിലവിൽ സ്വന്തം നിലനിൽപ്പിനായി പതറുകയാണ്. അവർ മുൻപെങ്ങുമില്ലാത്തവിധം ദുർബലമായ അവസ്ഥയിലാണ്. ഈ ഭീഷണി എന്നെന്നേക്കുമായി തുടച്ചുനീക്കാനും ഈ ഭരണകൂടത്തെ അട്ടിമറിക്കാനും ഇസ്രയേലിന് കഴിയുമെന്ന് എനിക്ക് പൂർണ്ണ ഉറപ്പുണ്ട്. ഞങ്ങൾക്ക് മുന്നിലുള്ള പ്രധാന ലക്ഷ്യം ഇതുതന്നെയാണ്. അത് അസാധ്യമല്ല, മറിച്ച് കൈയെത്തും ദൂരത്തുണ്ട്," നെതന്യാഹു വ്യക്തമാക്കി.  

കഴിഞ്ഞ ഏതാനും ദിവസങ്ങളായി അമേരിക്ക ഇറാനിലെ വിവിധ കേന്ദ്രങ്ങളിൽ വ്യോമാക്രമണങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ഇറാൻ മേഖലയിലെ മറ്റ് പ്രദേശങ്ങളിൽ തിരിച്ചടി നൽകുന്നുണ്ടെങ്കിലും ഇസ്രയേലിനെ നേരിട്ട് ആക്രമിക്കാൻ മടിക്കുന്നത് ഇസ്രയേലിന്റെ സൈനിക കരുത്തും നിശ്ചയദാർഢ്യവും ഭയന്നാണെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക