Image

വീണാ ജോര്‍ജിനെ ആക്രമിച്ചെന്ന കേസ്; എസ്ഐടി രൂപീകരിച്ച് ഉത്തരവിറങ്ങി, അന്വേഷണ സംഘത്തില്‍ എട്ടുപേര്‍

Published on 04 September, 2026
 വീണാ ജോര്‍ജിനെ ആക്രമിച്ചെന്ന കേസ്; എസ്ഐടി രൂപീകരിച്ച് ഉത്തരവിറങ്ങി, അന്വേഷണ സംഘത്തില്‍ എട്ടുപേര്‍

 

തിരുവനന്തപുരം: കണ്ണൂരില്‍ മുന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെ കെഎസ്യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് ഉത്തരവിറങ്ങി. കെഎപി നാലാം ബറ്റാലിയന്‍ കമാന്‍ഡന്റ് യു പ്രേമനും കണ്ണൂര്‍ എസിപി എംപി ആസാദിന്റെയും നേതൃത്വത്തില്‍ ഇവരുള്‍പ്പടെ എട്ട് പേര്‍ അടങ്ങുന്ന എസ്ഐടി സംഘത്തെയാണ് അന്വേഷണത്തിനായി രൂപികരിച്ചിരിക്കുന്നത്. റെയില്‍വേ ഇന്‍സ്പെക്ടര്‍ ജി എസ് സജിയാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. മൂന്ന് എസ്ഐമാരും രണ്ട് എഎസ്ഐമാരും സംഘത്തിലുണ്ട്. അന്വേഷണ സംഘം ഉടന്‍ യോഗം ചേരും.

മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഭരണ പ്രതിപക്ഷ വാദപ്രതിവാദങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഇടയായ കേസിലാണ് ഇപ്പോള്‍ എസ്‌ഐടി അന്വേഷണത്തെ രൂപികരിച്ച് ഉത്തരവ് ഇറക്കിയിരിക്കുന്നത്. കേസില്‍ മന്ത്രിയുടേയും ഗണ്‍മാന്റേയും മൊഴി പുതിയ അന്വേഷണസംഘം രേഖപ്പെടുത്തും. കെഎസ്യു പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമം ചുമത്തിയതില്‍ ഉയര്‍ന്ന തലത്തിലുള്ള ഗൂഢാലോചന നടന്നതായി കെഎസ്യു ആരോപിച്ചിരുന്നു. ഇതിലും അന്വേഷണം ഉണ്ടാകും.

വീണാ ജോര്‍ജിനെ ആക്രമിച്ചെന്ന കേസില്‍ എസ്‌ഐടി അന്വേഷണം നടത്തുമെന്ന് നേരത്തെ സര്‍ക്കാര്‍ അറിയിച്ചിരുന്നു. ആഭ്യന്തരവകുപ്പാണ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നത്. കണ്ണൂര്‍ എംഎല്‍എ ടി ഒ മോഹനന്‍ നല്‍കിയ പരാതിയിലായിരുന്നു നടപടി. കേസ് കെട്ടിച്ചമച്ചതെന്നാണ് എംഎല്‍എ പരാതിയില്‍ ആരോപിച്ചിരുന്നത്.

മുന്‍ സര്‍ക്കാരിന്റെ കാലത്താണ് ഈ വര്‍ഷം ഫെബ്രുവരി 25ന് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് അന്നത്തെ ആരോഗ്യമന്ത്രി വീണജോര്‍ജിനെതിരെ കെഎസ്യു പ്രവര്‍ത്തകരുടെ പ്രതിഷേധമുണ്ടാകുന്നത്. കെഎസ്യു ജില്ലാ പ്രസിഡന്റ് അടക്കം അഞ്ച് പേര്‍ക്കെതിരെയാണ് കേസെടുത്തത്. വധശ്രമം അടക്കമുള്ള ഗുരുതരമായ കുറ്റങ്ങള്‍ ചുമത്തിയെങ്കിലും പിന്നീട് ഈ വകുപ്പ് എടുത്തുമാറ്റി. മാരകായുധങ്ങല്‍ ഉപയോഗിച്ച് ആക്രമിച്ചു എന്നായിരുന്നു ആദ്യഘട്ടത്തില്‍ മൊഴിയായി നല്‍കിയിരുന്നത്. എന്നാല്‍ സിസിടിവി അടക്കം പരിശോധിച്ച് നടത്തിയ അന്വേഷണത്തില്‍ മാരകായുധങ്ങള്‍ ഉപയോഗിച്ചിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക