Image

കുന്നംകുളം കസ്റ്റഡി മര്‍ദ്ദനം; 'സുജിത്തിനൊപ്പം സര്‍ക്കാര്‍ ഉണ്ടാകും', ഉറപ്പ് നല്‍കി ആഭ്യന്തരമന്ത്രി

Published on 04 September, 2026
 കുന്നംകുളം കസ്റ്റഡി മര്‍ദ്ദനം; 'സുജിത്തിനൊപ്പം സര്‍ക്കാര്‍ ഉണ്ടാകും', ഉറപ്പ് നല്‍കി ആഭ്യന്തരമന്ത്രി

 

ഇടുക്കി: കാന്തപുരത്തെ തള്ളിയ മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ ചില മുസ്ലിം സാമുദായിക സംഘടനകള്‍ രംഗത്ത് വന്നതില്‍ പ്രതികരിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സമൂഹത്തില്‍ ഓരോരുത്തരും അവരുടെ നിലപാട് പറയുമെന്നും വിഷയത്തില്‍ തന്റെ നിലപാട് നേരത്തെ വ്യക്തമാക്കിയാതാണെന്നുമാണ് ചെന്നിത്തല പറഞ്ഞത്.

കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ ഉണ്ടായ പൊലീസ് മര്‍ദ്ദനത്തില്‍ നടപടി ഉണ്ടായില്ലെന്ന ആരോപണത്തിലും അദ്ദേഹം പ്രതികരിച്ചു. വിഎസ് സുജിതിന്റെ പരാതി ഡിജിപിക്ക് കൈമാറി എന്നും ഐജി പൂട്ട വിമലാദിത്യ അന്വേഷണം നടത്തിവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്നുപേര്‍ക്കെതിരെ കഴിഞ്ഞ സര്‍ക്കാര്‍ നടപടിയെടുത്തിരുന്നു. റിപ്പോര്‍ട്ട് കിട്ടിയാല്‍ കൂടുതല്‍ നടപടി സ്വീകരിക്കുമെന്നും സുജിത്തിനൊപ്പം സര്‍ക്കാര്‍ ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.

ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയ്ക്കിടെ പൊലീസുകാരെ ആക്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഓപ്പറേഷന്‍ തൂഫാന്‍ ഈ നാടിന്റെ ആവശ്യമാണ്. തലമുറകളെ രക്ഷിക്കുന്ന പ്രവര്‍ത്തനമാണ് നടക്കുന്നത്. പൊലീസുകാര്‍ ഡ്യൂട്ടി നിര്‍വഹിക്കുമ്പോള്‍ അവരെ ആക്രമിക്കുന്ന പല സംഭവങ്ങളും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അവര്‍ക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് രാപ്പകലില്ലാതെയാണ് അവരുടെ ഡ്യൂട്ടി നിര്‍വഹിക്കുന്നതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

എസ്എഫ്ഐക്കെതിരായ പൊലീസ് നടപടിയിലെ പ്രതിപക്ഷ നേതാവിന്റെ ആരോപണത്തിനെതിരെയും അദ്ദേഹത്തിന്റെ പ്രതികരണമുണ്ടായി. എസ്എഫ്ഐ എന്തിനാണ് സമരം ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എസ്എഫ്ഐക്കാര്‍ എസിപിയുടെ കഴുത്തിന് കുത്തിപ്പിടിച്ചെന്നും പൊലീസിനെ മര്‍ദ്ദിച്ചെന്നും അദ്ദേഹം ആരോപിച്ചു. പൊലീസ് വളരെ സംയമനം പാലിച്ചാണ് നിന്നതെന്നും പൊലീസിനെ ആക്രമിച്ചതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നും അദ്ദേഹം ആരോപിച്ചു.

മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ കോഡിനേറ്റര്‍ എന്നവകാശപ്പെടുന്ന ആള്‍ അറസ്റ്റിസലായ കേസില്‍ അന്വേഷണം കൃത്യമായി മുന്നോട്ട് പോകുന്നെന്നും അവരെല്ലാം ജയിലില്‍ ആണെന്നും അദ്ദേഹം പറഞ്ഞു. മറ്റ് പ്രതികളെ എല്ലാം പിടിച്ചത് ആദ്യം പിടിയിലായ ഹുസൈന്റെ ഫോണ്‍ പരിശോധിച്ചതില്‍ നിന്നാണ്. ഇനിയും വിവരങ്ങള്‍ ലഭിക്കാനുണ്ട്. അതിലെ വിശദാംശങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയാല്‍ അത് പ്രതികളെ സഹായിക്കുന്ന നടപടി ആകുമെന്നും അദ്ദേഹം വിശദീകരിച്ചു. ഇതില്‍ അക്ഷേപം ഉന്നയിക്കുന്നവര്‍ക്ക് ഒന്നുകില്‍ ഇതിന്റെ നടപടി ക്രമങ്ങള്‍ അറിയില്ല അല്ലെങ്കില്‍ വെറുതെ സര്‍ക്കാരിനെ കുറ്റപ്പെടുത്താന്‍ ഒരു വഴി തേടുകയാകും എന്നും അദ്ദേഹം വിമര്‍ശിച്ചു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക