
തപാൽ ബാലറ്റ് സംവിധാനത്തിൽ വ്യാപകമായ മാറ്റങ്ങൾ വരുത്താൻ സുപ്രീം കോടതിയുടെ അനുമതിക്കായി ട്രംപ് ഭരണകൂടം അപ്പീൽ നൽകി. അതിനായി പ്രസിഡന്റ് ട്രംപ് പുറപ്പെടുവിച്ച എക്സിക്യൂട്ടീവ് ഓർഡർ കീഴ്കോടതി തടഞ്ഞതിനെ തുടർന്നാണ് അടിയന്തര അപ്പീൽ നൽകിയത്.
തപാൽ ബാലറ്റ് സംബന്ധിച്ച പുതിയ ചട്ടങ്ങൾ നടപ്പാക്കാൻ യുഎസ് പോസ്റ്റൽ സർവീസിന് അനുമതി നൽകണമെന്നു അപ്പീലിൽ അപേക്ഷിക്കുന്നുവെന്നു സി എൻ എൻ റിപ്പോർട്ട് ചെയ്തു. നവംബർ 3 ഇടക്കാല തിരഞ്ഞെടുപ്പിനു മുൻപ് അവ നടപ്പാക്കാൻ സമയമില്ല എന്നാണ് കീഴ്കോടതി തീർപ്പിൽ ചൂണ്ടിക്കാട്ടിയത്.
മാർച്ചിൽ ട്രംപ് ഒപ്പിട്ട ഉത്തരവിൽ ഫെഡറൽ ഏജൻസികൾക്കു തിരഞ്ഞെടുപ്പിൽ ഇടപെടാൻ കൂടുതൽ അധികാരം നൽകുന്നുണ്ട്. ഉത്തരവിനെതിരായ പരാതികൾ കീഴ്കോടതികൾ പരിഗണിച്ചു കൊണ്ടിരിക്കുന്നുണ്ട്.
ഡെമോക്രാറ്റുകൾ ഭരിക്കുന്ന 23 സംസ്ഥാനങ്ങളും വോട്ടർ അഡ്വക്കസി ഗ്രൂപ്പുകളും നൽകിയിട്ടുള്ള പരാതികളിൽ തപാൽ ബാലറ്റുകളുടെ മേൽ പ്രസിഡന്റിനോ പോസ്റ്റൽ സർവീസിനോ അധികാരമില്ലെന്നു ചൂണ്ടിക്കാട്ടുന്നു. എന്നാൽ പരിമിതമായ നിയന്ത്രണം മാത്രമാണ് ആവശ്യപ്പെടുന്നത് എന്നു ഭരണകൂടം വാദിക്കുന്നു. അല്ലാതെ തിരഞ്ഞെടുപ്പ് നടത്താനുള്ള സംസ്ഥാനങ്ങളുടെ അധികാരത്തിൽ കൈകടത്തുന്നില്ല.
തപാൽ വോട്ട് ചെയ്യാൻ അർഹതയുള്ളവരുടെ പട്ടിക സംസ്ഥാനങ്ങൾ പോസ്റ്റൽ സർവീസിനു സമർപ്പിക്കണം എന്നാണ് നിർദിഷ്ട ചട്ടങ്ങൾ ആവശ്യപ്പെടുന്നത്. പട്ടികയിൽ പേരില്ലാത്തവർക്കു തപാൽ ബാലറ്റ് നൽകാൻ പോസ്റ്റൽ സർവീസിനു വിസമ്മതിക്കാം. വോട്ടർ തട്ടിപ്പു തടയാനാണ് ഈ നടപടികളെന്നു ഭരണകൂടം വാദിക്കുന്നു.
നോർത്ത് കരളിന വെള്ളിയാഴ്ച്ച തപാൽ ബാലറ്റുകൾ അയച്ചു തുടങ്ങും.
Trump moves Supreme Court for sweeping changes to mail ballots