
ചെന്നൈ: കൊളത്തൂരിൽ നിന്നുള്ള ടിവികെ സ്ഥാനാർഥിയുടെ വിജയത്തിനെതിരെ ഡിഎംകെ നേതാവ് സ്റ്റാലിൻ സമർപ്പിച്ച ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. കൊളത്തൂർ നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിൻ്റെ ഹർജിയാണ് ഹൈക്കോടതി തള്ളിയത്. വി എസ് ബാബുവിൻ്റെ വിജയത്തെ ചോദ്യം ചെയ്‌തായിരുന്നു ഹർജി.
മദ്രാസ് ഹൈക്കോടതിയുടെ രണ്ടംഗ ബെഞ്ചാണ് സ്റ്റാലിൻ്റെ റിട്ട് പെറ്റീഷൻ തള്ളിയത്. ചീഫ് ജസ്റ്റിസ് എസ് എ ധർമാധികാരി, ജസ്റ്റിസ് ജി അരുൾ മുരുകൻ എന്നിവരടങ്ങിയ ബെഞ്ചിൻ്റേതാണ് നടപടി. ഹർജി നിലനിൽക്കുന്നതല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
2026 ഏപ്രിലിലെ തെരഞ്ഞെടുപ്പിൽ കൊളത്തൂർ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള ടിവികെ സ്ഥാനാർഥി വി എസ് ബാബുവിൻ്റെ തെരഞ്ഞെടുപ്പ് അസാധുവായി പ്രഖ്യാപിക്കാനും ആ മണ്ഡലത്തിൽ നിന്ന് അദ്ദേഹം യഥാക്രമം തെരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപിക്കണമെന്നും എം കെ സ്റ്റാലിൻ സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 80 നോടൊപ്പം ഭരണഘടനയുടെ ആർട്ടിക്കിൾ 329 (ബി) പ്രകാരമാണ് കോടതിയുടെ നടപടി. തെരഞ്ഞെടുപ്പിൽ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് ആരോപിക്കപ്പെടുന്നത് തെരഞ്ഞെടുപ്പ് ഫലത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് ഹർജിക്കാരൻ സ്ഥാപിക്കുകയാണെങ്കിൽ കൂടുതൽ പരിശോധിക്കാം. പരിശോധനയ്ക്കും സ്ഥിരീകരണ പ്രക്രിയയ്ക്കുമെതിരെ ഹർജിക്കാരൻ ഉന്നയിച്ച ആരോപണങ്ങളുടെ മെറിറ്റ് പരിശോധിക്കേണ്ട ആവശ്യമില്ലെന്ന് കോടതി കരുതുന്നുവെന്നും ബെഞ്ച് പറഞ്ഞു.
നിയമലംഘനം, വിവിപാറ്റ് യൂണിറ്റുകളുടെ തകരാർ എന്നിവയുൾപ്പെടെ എല്ലാ തർക്കങ്ങളും ഉചിതമായ ഫോറത്തിന് മുന്നിൽ പരിശോധിച്ചു. ക്രമക്കേടുകൾ ആരോപിച്ച് എം കെ സ്റ്റാലിൻ സമര്‍പ്പിച്ച ഹര്‍ജി പ്രകാരം ഉദ്യോഗസ്ഥർ വോട്ടിംഗ് മെഷീനുകൾ പരിശോധിച്ചു. സ്റ്റാലിൻ അവകാശപ്പെടുന്നതുപോലെ, വോട്ടിംഗ് മെഷീനുകൾ തകരാറിലായിരുന്നില്ല. വോട്ടിംഗ് മെഷീനുകളൊന്നും മാറ്റിയിട്ടില്ലെന്നും തെരഞ്ഞെടുപ്പ് കമ്മിഷന് വേണ്ടി ഹാജരായ അഭിഭാഷകൻ കഴിഞ്ഞ വാദം കേൾക്കലിൽ വ്യക്തമാക്കിയിരുന്നു.
തെരഞ്ഞെടുപ്പ് വിജയത്തെ ചോദ്യം ചെയ്‌ത് സ്റ്റാലിന്‍ നൽകിയ കേസ് തള്ളണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മിഷൻ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് ഇന്ന് സ്റ്റാലിൻ സമർപ്പിച്ച ഹർജിയിൽ മദ്രാസ് ഹൈക്കോടതിയുടെ നടപടി.