Image

മെസിയുടെ പേരിൽ നടന്ന തട്ടിപ്പ്; എഡിജിപി പി വിജയൻ്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം

Published on 03 September, 2026
മെസിയുടെ പേരിൽ നടന്ന തട്ടിപ്പ്; എഡിജിപി പി വിജയൻ്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം

തിരുവനന്തപുരം: അര്‍ജൻ്റീനിയന്‍ ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയെ കേരളത്തിലെത്തിക്കാമെന്നു കാട്ടി കോടികള്‍ വിദേശത്തേക്കു കടത്തിയതുള്‍പ്പെടെയുള്ള തട്ടിപ്പ് അന്വേഷിക്കാന്‍ ആഭ്യന്തര വകുപ്പ് പ്രത്യേക അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചു. ക്രമസമാധാന ചുമതലയുള്ള എഡിജിപി പി വിജയൻ്റെ നേതൃത്വത്തിലുള്ള സംഘം ഇക്കാര്യം വിശദമായി അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മാധ്യമങ്ങളെ അറിയിച്ചു. സംഘത്തില്‍ ഒരു എസ്പിയും ഒരു ഡിവൈഎസ്പിയുമിണ്ടാകുമെന്നും ഇതു സംബന്ധിച്ച ഉത്തരവ് ഇന്നു പുറത്തിറക്കുമെന്നും ചെന്നിത്തല പറഞ്ഞു.

ഇക്കാര്യത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഒരു കത്ത് ആഭ്യന്തര വകുപ്പിനു നല്‍കിയിരുന്നു. ഈ കത്ത് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനു നനല്‍കി നിയമോപദേശം തേടിയിരുന്നു. ഇക്കാര്യത്തില്‍ അന്വേഷണമാകാമെന്ന ഡിജിപിയുടെ നിയമോപദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചത്. മുഖ്യമന്ത്രി ആഭ്യന്തര വകുപ്പിനു നല്‍കിയ വിശദമായ കുറിപ്പും നിയമോപദേശവും പ്രത്യേക അന്വേഷണ സംഘത്തിനു കൈമാറും. എത്രയും വേഗം റിപ്പോര്‍ട്ടു നല്‍കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.

ടെണ്ടറില്ലാതെ സ്‌പോണ്‍സറെ കണ്ടെത്തിയതും നടപടിക്രമങ്ങളെല്ലാം ലംഘിച്ചു നടത്തിയ ഇടപാടുകളും ഉള്‍പ്പെടെയുള്ള മുഴുവന്‍ കാര്യങ്ങളിലും വിശദമായ അന്വേഷണമുണ്ടാകുമെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു.

 ഓപ്പറേഷന്‍ തൂഫാൻ്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന പൊലീസുകാര്‍ക്കെതിരെ അക്രമം നടത്തുന്നവര്‍ ആരായാലും അവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. ഓപ്പറേഷന്‍ തൂഫാന്‍ ഈ നാടിൻ്റെ ആവശ്യമാണ്, തലമുറകളെ രക്ഷിക്കാനാണ്. പൊലീസുകാര്‍ അവരുടെ ഡ്യൂട്ടി നിര്‍വഹിക്കുമ്പോള്‍ അവരെ ആക്രമിക്കുന്ന നിരവധി സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പൊലീസുകാര്‍ മയക്കുമരുന്നു കച്ചവടക്കാരെ പിടിക്കുമ്പോള്‍ അവരെ ആക്രമിക്കുന്നത് ഒരിക്കലും അംഗീകരിക്കില്ല. അതിനാരു മുന്നോട്ടു വന്നാലും കര്‍ശനമായ നിയമനടപടി ഉണ്ടാകുമെന്നതില്‍ ഒരു സംശയവുമില്ല. പൊലീസിനെ ആക്രമിക്കുന്ന എസ്എഫ്‌ഐയുടെ സമരമുറയെ ആഭ്യന്തരമന്ത്രി അപലപിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക