Image

നടി ലക്ഷ്മിപ്രിയയ്‌ക്കെതിരായ അൻസിബയുടെ പരാതി; എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യണമെന്ന് ഹൈക്കോടതി

Published on 03 September, 2026
നടി ലക്ഷ്മിപ്രിയയ്‌ക്കെതിരായ അൻസിബയുടെ പരാതി; എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യണമെന്ന് ഹൈക്കോടതി

നടി ലക്ഷ്മിപ്രിയ അപമാനിച്ചെന്ന നടി അൻസിബ ഹസന്റെ പരാതി ഗൗരവമുള്ളതാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. പരാതിയിൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തേണ്ടതുണ്ടെന്ന് വ്യക്തമാക്കിയ കോടതി, ഹർജിയിൽ തിങ്കളാഴ്ച വിധി പറയും. സ്ത്രീത്വത്തെ അപമാനിക്കുന്നതും മാനഹാനിയുണ്ടാക്കുന്നതുമായ പരാമർശങ്ങൾ ലക്ഷ്മിപ്രിയ നടത്തിയെന്നാണ് അൻസിബയുടെ പരാതിയിലുള്ളത്. ലക്ഷ്മിപ്രിയയുടെ അഭിമുഖം പ്രചരിപ്പിച്ച ഓൺലൈൻ മാധ്യമത്തെയും ഹർജിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

മുമ്പ് എറണാകുളം മജിസ്‌ട്രേറ്റ് കോടതി അൻസിബയുടെ ഹർജി തള്ളിയിരുന്നു. കേസെടുക്കാൻ മാത്രമുള്ള വകുപ്പുകളില്ലെന്നും എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യേണ്ടതില്ലെന്നുമായിരുന്നു കീഴ്‌കോടതിയുടെ നിരീക്ഷണം. പാലാരിവട്ടം പൊലീസും പരാതിയിൽ കേസെടുക്കാൻ തയാറായിരുന്നില്ല. നിരവധി തവണ പൊലീസിനെ സമീപിച്ചിട്ടും നടപടിയുണ്ടായില്ലെന്ന് അൻസിബ ആരോപിച്ചിരുന്നു.

താരസംഘടനയായ ‘അമ്മ’യുമായി ബന്ധപ്പെട്ട തർക്കങ്ങൾക്കിടയിലാണ് അൻസിബയും ലക്ഷ്മിപ്രിയയും തമ്മിലുള്ള പ്രശ്നങ്ങൾ പുറത്തുവന്നത്. ഇതിനുപിന്നാലെയാണ് ലക്ഷ്മിപ്രിയ ഒരു യൂട്യൂബ് ചാനലിന് വിവാദ അഭിമുഖം നൽകിയത്. അൻസിബ അയച്ച വാട്‌സ്ആപ്പ് സന്ദേശം തന്റെ കുടുംബത്തിൽ പ്രശ്നങ്ങൾക്ക് കാരണമായെന്ന് കാണിച്ച് ലക്ഷ്മിപ്രിയ മുമ്പ് തൃപ്പൂണിത്തുറ പൊലീസിൽ പരാതി നൽകിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക