Image

ലൈഫ് ഭവനപദ്ധതിയിൽ അരക്കോടിയുടെ തട്ടിപ്പ്; വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ അറസ്റ്റിൽ

Published on 03 September, 2026
ലൈഫ് ഭവനപദ്ധതിയിൽ അരക്കോടിയുടെ തട്ടിപ്പ്; വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ അറസ്റ്റിൽ

പത്തനംതിട്ട: രണ്ട് പഞ്ചായത്തുകളിലെ ലൈഫ് ഭവന പദ്ധതി ഫണ്ടിൽ നിന്ന് 50 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്ത കേസിൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ (വി.ഇ.ഒ) അറസ്റ്റിൽ. വകയാർ മ്ലാന്തടം പുത്തൻവീട്ടിൽ എം.ആർ. റാണി ലക്ഷ്മിയെയാണ് (37) കോന്നി പൊലീസ് പിടികൂടിയത്. സീതത്തോട്, തണ്ണിത്തോട് ഗ്രാമപഞ്ചായത്തുകളിൽ പുതിയ വീട് നിർമാണത്തിനും നവീകരണത്തിനുമായി അനുവദിച്ച ഫണ്ടിൽ തിരിമറി നടത്തിയതായി പഞ്ചായത്ത് സെക്രട്ടറിമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

​പഞ്ചായത്തുകളിലെ ലൈഫ് ഗുണഭോക്തൃ പട്ടികയിൽ കൃത്രിമം കാട്ടി ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം മാറ്റിയാണ് ഉദ്യോഗസ്ഥ വൻ തട്ടിപ്പ് നടത്തിയത്. സീതത്തോട് പഞ്ചായത്തിൽ നിന്ന് 51.23 ലക്ഷം രൂപയും തണ്ണിത്തോട് പഞ്ചായത്തിൽ നിന്ന് രണ്ട് ലക്ഷം രൂപയുമാണ് ഇത്തരത്തിൽ വകമാറ്റിയത്. പഞ്ചായത്ത് പരിധിക്ക് പുറത്തു താമസിക്കുന്ന വേണ്ടപ്പെട്ടവരെ ഗുണഭോക്താക്കളാക്കി കാണിച്ച് വ്യാജരേഖകൾ ചമച്ചായിരുന്നു സാമ്പത്തിക തിരിമറി.

​വീടുപണി പൂർത്തിയാക്കിയ യഥാർഥ ഗുണഭോക്താക്കൾക്ക് തുക ലഭിക്കാൻ അസ്വാഭാവികമായി കാലതാമസം നേരിട്ടതോടെ പഞ്ചായത്ത് ഭരണസമിതികൾ നടത്തിയ ആഭ്യന്തര അന്വേഷണത്തിലാണ് ക്രമക്കേട് വെളിച്ചത്തുവന്നത്. തണ്ണിത്തോട് പൊലീസിൽ പരാതി എത്തിയതോടെ കൈക്കലാക്കിയ തുക തിരികെ നൽകി നടപടികളിൽ നിന്ന് രക്ഷപ്പെടാൻ ഇവർ ശ്രമം നടത്തിയിരുന്നു. തുടർന്ന് രണ്ട് പഞ്ചായത്ത് സെക്രട്ടറിമാരും പരാതിയിൽ ഉറച്ചുനിന്നതോടെ കോന്നി പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക