
കണ്ണൂർ: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കണ്ണൂർ പിണറായിലെ വീടിനു മുന്നിൽ മിനി പൊലീസ് സ്റ്റേഷനായി പ്രവർത്തിച്ചിരുന്ന ജീപ്പ് ഒടുവിൽ നീക്കം ചെയ്തു. കഴിഞ്ഞ ദിവസം അർധരാത്രിയോടെ കണ്ണൂർ എ.ആർ. ക്യാംപിൽ നിന്നുള്ള പൊലീസ് സംഘം മറ്റൊരു വാഹനത്തിലെത്തി കെട്ടിവലിച്ചാണ് കേടായ ജീപ്പ് കൊണ്ടുപോയത്. പാണ്ട്യാലമുക്കിലെ വീടിനുമുന്നിൽ കൊണ്ടിട്ടതിനു ശേഷം സ്റ്റാർട്ടാകാതിരുന്ന 'കെ.എൽ 01 ബി.ആർ 9569' എന്ന ജീപ്പാണ് വർഷങ്ങൾക്കു ശേഷം മാറ്റിയത്. എന്നാൽ ജീപ്പ് മാറ്റിയെങ്കിലും സുരക്ഷാച്ചുമതലയിലുള്ള പൊലീസുകാരെ ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കിയിട്ടില്ല.
പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് വീടുകാണാനും ചിത്രീകരിക്കാനും ആളുകൾ എത്തിയതോടെയാണ് സുരക്ഷ മുൻനിർത്തി റോഡരികിൽ മതിലിനോടു ചേർത്ത് സ്ഥിരമായി ജീപ്പ് കാവൽ ഏർപ്പെടുത്തിയത്. ഒരു എസ്.ഐയും രണ്ട് പൊലീസുകാരുമാണ് ഓരോ ഷിഫ്റ്റിലും ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്നത്. കണ്ണൂർ എ.ആർ. ക്യാംപിലെ രണ്ട് എസ്.ഐമാരും ആറ് സിവിൽ പൊലീസ് ഓഫിസർമാരുമാണ് മാറിമാറി കാവൽ നിന്നിരുന്നത്. ഈ ജീപ്പിലിരുന്നായിരുന്നു പൊലീസ് ഉദ്യോഗസ്ഥർ സേവനം അനുഷ്ഠിച്ചിരുന്നത്.
കട്ടപ്പുറത്തായ വാഹനത്തിലെ കാവലും പ്രാഥമിക കൃത്യങ്ങൾക്കായി ഉദ്യോഗസ്ഥർ സമീപത്തെ വീടുകളെ ആശ്രയിക്കേണ്ടി വന്ന സാഹചര്യവും നേരത്തെ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. മുഖ്യമന്ത്രി പദം ഒഴിഞ്ഞ ശേഷവും വീടിനു മുന്നിൽ തുടരുന്ന പൊലീസ് വിന്യാസവും വാഹനത്തിന്റെ അവസ്ഥയും പലപ്പോഴും വിമർശനങ്ങൾക്കിടയാക്കി. ഇതിന് പരിഹാരമായി, ഡ്യൂട്ടിയിലുള്ള പൊലീസുകാർക്ക് വിശ്രമിക്കാൻ അനുയോജ്യമായ പുതിയ ഷെഡ് ഉടൻ നിർമിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.