
ന്യൂഡൽഹി: അതിർത്തിയിലെ വ്യോമാക്രമണത്തിൽ പാകിസ്ഥാന്റെ എഫ്-16 യുദ്ധവിമാനം വെടിവെച്ചിട്ട് വീരചക്ര പുരസ്കാരം നേടിയ ഗ്രൂപ്പ് ക്യാപ്റ്റൻ അഭിനന്ദൻ വർധമാൻ വ്യോമസേനയിൽ നിന്ന് വിരമിച്ചു. മാർച്ച് 31-ന് വ്യോമസേനയിലെ സേവനം അവസാനിപ്പിച്ച അദ്ദേഹം ഇനി വാണിജ്യ യാത്രാവിമാനങ്ങൾ പറത്തും. മലയാളിയായ മനോജ് ചാക്കോയുടെ നേതൃത്വത്തിലുള്ള റീജിയണൽ വിമാനക്കമ്പനിയായ 'ഫ്ലൈ91'-ൽ (FLY91) പൈലറ്റായാണ് അഭിനന്ദൻ പുതിയ കരിയറിന് തുടക്കം കുറിക്കുന്നത്. കമ്പനിയുടെ എടിആർ 72-600 ടർബോപ്രോപ്പ് വിമാനങ്ങളാകും അദ്ദേഹം പറത്തുക.
2019 ഫെബ്രുവരി 14-ന് പുൽവാമയിലുണ്ടായ ചാവേർ ആക്രമണത്തിൽ 40 സി.ആർ.പി.എഫ് ജവാന്മാർ വീരമൃത്യു വരിച്ചതിന് തിരിച്ചടിയായി ഇന്ത്യ ബാലാകോട്ടിലെ ഭീകരകേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തിയിരുന്നു. ഇതിന് പിന്നാലെ ഫെബ്രുവരി 27-ന് ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ചെത്തിയ പാക് പോർവിമാനങ്ങളുമായി നടന്ന വ്യോമപോരാട്ടത്തിലാണ് അന്ന് വിങ് കമാൻഡറായിരുന്ന അഭിനന്ദൻ പാകിസ്ഥാന്റെ അത്യാധുനിക എഫ്-16 വിമാനം വെടിവെച്ചിട്ടത്. ഈ പോരാട്ടത്തിനിടെ അദ്ദേഹം സഞ്ചരിച്ചിരുന്ന മിഗ്-21 വിമാനം തകരുകയും ചെയ്തു.
തുടർന്ന് പാരഷൂട്ട് വഴി പാക് അധീന കശ്മീരിൽ ഇറങ്ങിയ അഭിനന്ദനെ പരിക്കുകളോടെ പാകിസ്ഥാൻ സൈന്യം കസ്റ്റഡിയിലെടുത്തു. ഇന്ത്യയുടെ ശക്തമായ നയതന്ത്ര സമ്മർദ്ദത്തിനൊടുവിൽ മാർച്ച് ഒന്നിന് അദ്ദേഹത്തെ മോചിപ്പിച്ചു. ധീരമായ സേവനത്തിന് രാജ്യം വീരചക്ര നൽകി ആദരിച്ച അദ്ദേഹത്തിന് 2021-ലാണ് ഗ്രൂപ്പ് ക്യാപ്റ്റനായി സ്ഥാനക്കയറ്റം ലഭിച്ചത്. രാജ്യരക്ഷയിൽ ചരിത്രം കുറിച്ച ഈ പോരാളി ഇനി സാധാരണ യാത്രക്കാരുമായി ആകാശപാതകളിൽ സജീവമാകും.