Image

കാന്തപുരത്തിന്റെ പ്രസ്താവന ഭരണഘടനാവിരുദ്ധവും ദേശവിരുദ്ധവും: പി.കെ. കൃഷ്ണദാസ്

Published on 03 September, 2026
കാന്തപുരത്തിന്റെ പ്രസ്താവന ഭരണഘടനാവിരുദ്ധവും ദേശവിരുദ്ധവും: പി.കെ. കൃഷ്ണദാസ്

കൊച്ചി: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ വിവാദ പ്രസ്താവന കേവലം സ്ത്രീവിരുദ്ധത മാത്രമല്ലെന്നും അത് ഭരണഘടനാവിരുദ്ധവും ദേശവിരുദ്ധവുമാണെന്നും ബി.ജെ.പി നേതാക്കൾ ആരോപിച്ചു. കേരളത്തിൽ മതരാഷ്ട്രവാദത്തിന്റെ ആദ്യ വെടിയൊച്ചയാണ് കാന്തപുരത്തിന്റെ വാക്കുകളിലൂടെ കേൾക്കുന്നതെന്ന് ബി.ജെ.പി നേതാവ് പി.കെ. കൃഷ്ണദാസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. വിഷയത്തിൽ മുഖ്യമന്ത്രി നടത്തിയ തിരുത്തൽ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള അടവുനയം മാത്രമാണെന്നും ലീഗിന്റെ നിലപാടിനെ തള്ളിപ്പറയാൻ സർക്കാർ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

​കേരളത്തെ താലിബാനിസത്തിലേക്ക് നയിക്കാൻ മുസ്ലിം ലീഗും ജമാഅത്തെ ഇസ്ലാമിയും ഉൾപ്പെടെയുള്ള സംഘടനകൾ ശ്രമിക്കുകയാണെന്ന് കൃഷ്ണദാസ് കുറ്റപ്പെടുത്തി. ഈ നീക്കങ്ങൾക്ക് മുന്നിൽ ഭരണമുന്നണി കീഴടങ്ങുന്ന കാഴ്ചയാണുള്ളത്. കാന്തപുരത്തിന്റെ പ്രസ്താവന വ്യക്തിപരമല്ലെന്നും മതരാഷ്ട്രവാദ സംഘടനകളുടെ അജണ്ടകളുടെ ഭാഗമായി പുറത്തുവന്നതാണെന്നും ഇതിന് അനുകൂലമായ സമീപനമാണ് ഭരണനേതൃത്വം സ്വീകരിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.

​സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങൾ പരിമിതപ്പെടുത്താനുള്ള ഏത് നീക്കത്തെയും ശക്തമായി ചെറുക്കുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. തങ്ങൾക്ക് ഭരണഘടനയോ രാജ്യത്തെ നിയമങ്ങളോ ബാധകമല്ലെന്ന നിലപാടിലാണ് ഇത്തരം നേതാക്കൾ പ്രവർത്തിക്കുന്നത്. സ്ത്രീകൾ വീടിനുള്ളിൽ കഴിയണമെന്ന രീതിയിലുള്ള കാന്തപുരത്തിന്റെ പരാമർശങ്ങൾ അപകടകരമാണെന്നും ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളെ അട്ടിമറിക്കാനും സംസ്ഥാനത്തെ പിന്നോട്ടടിക്കാനുമുള്ള ഇത്തരം ശ്രമങ്ങൾ വർധിച്ചുവരികയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക