
വാഷിങ്ടൺ: ചൊവ്വയിലെ നിലവിലുള്ളതും ഭാവിയിലുമുള്ള ദൗത്യങ്ങൾക്ക് അതിവേഗവും വിശ്വസനീയവുമായ ആശയവിനിമയ-നാവിഗേഷൻ സേവനങ്ങൾ ഒരുക്കുന്നതിനുള്ള ടെലികമ്മ്യൂണിക്കേഷൻ ശൃംഖല വികസിപ്പിക്കാൻ ബ്ലൂ ഒറിജിനെ തെരഞ്ഞെടുത്ത് നാസ. പദ്ധതിക്കായി ഏകദേശം 700 മില്യൺ ഡോളർ വരെ മൂല്യമുള്ള കരാറാണ് നാസ കമ്പനിയുമായി ഒപ്പുവച്ചത്.
കരാർ പ്രകാരം ചൊവ്വയെ ചുറ്റുന്ന 'ഹൈ-പെർഫോമൻസ്' ടെലികമ്മ്യൂണിക്കേഷൻ ഓർബിറ്റർ ബ്ലൂ ഒറിജിൻ രൂപകൽപ്പന ചെയ്ത് വികസിപ്പിക്കുകയും വിക്ഷേപിച്ച് പ്രവർത്തിപ്പിക്കുകയും ചെയ്യും. ചൊവ്വയിലെ പേടകങ്ങൾക്ക് ശാസ്ത്രീയ വിവരങ്ങൾ, ചിത്രങ്ങൾ, നാവിഗേഷൻ വിവരങ്ങൾ, നിർണായക ദൗത്യ ആശയവിനിമയങ്ങൾ എന്നിവ കൈമാറാൻ ശൃംഖല സഹായിക്കും. 2028 ഡിസംബർ 31നകം ഓർബിറ്റർ കൈമാറണമെന്നാണ് കരാർ വ്യവസ്ഥ.
2030ഓടെ ചൊവ്വയിൽ പ്രവർത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്ന ശൃംഖല നിലവിലുള്ളതും ഭാവിയിലുള്ളതുമായ ദൗത്യങ്ങൾക്ക് പിന്തുണ നൽകും. ചൊവ്വ പര്യവേക്ഷണ ദൗത്യങ്ങൾ വർധിക്കുന്നതോടെ ആവശ്യമായ ഡാറ്റാ കൈമാറ്റ ശേഷി ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ചന്ദ്രനിലേക്കും തുടർന്ന് ചൊവ്വയിലേക്കുമുള്ള മനുഷ്യ പര്യവേക്ഷണത്തിന് മുന്നൊരുക്കം നടത്തുന്ന ആർട്ടെമിസ് പദ്ധതിയുടെ ഭാഗമായി റോബോട്ടിക് ദൗത്യങ്ങൾ ഉൾപ്പെടെയുള്ള പര്യവേക്ഷണ പ്രവർത്തനങ്ങൾക്ക് കൂടുതൽ ആശയവിനിമയ ശേഷി ഒരുക്കുന്നതാണ് നാസയുടെ ലക്ഷ്യം. സ്വകാര്യ മേഖലയിലെ സാങ്കേതിക ശേഷി പ്രയോജനപ്പെടുത്തി ബഹിരാകാശ ആശയവിനിമയ സംവിധാനം വികസിപ്പിക്കുന്ന നാസയുടെ തന്ത്രത്തിലെ പ്രധാന ചുവടുവയ്പ്പായാണ് പുതിയ കരാറിനെ കാണുന്നത്.