Image

പത്തു വർഷത്തെ ഭരണം അഹങ്കാരം കൂട്ടി, സഹകരണ ബാങ്ക് അഴിമതി തിരിച്ചടിയായി; പരാജയകാരണങ്ങൾ തുറന്നുപറഞ്ഞ് തോമസ് ഐസക്

Published on 02 September, 2026
പത്തു വർഷത്തെ ഭരണം അഹങ്കാരം കൂട്ടി, സഹകരണ ബാങ്ക് അഴിമതി തിരിച്ചടിയായി; പരാജയകാരണങ്ങൾ തുറന്നുപറഞ്ഞ് തോമസ് ഐസക്

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ കാരണങ്ങൾ എണ്ണിപ്പറഞ്ഞ് സിപിഎം മുതിർന്ന നേതാവ് ഡോ. തോമസ് ഐസക്. പത്തു വർഷത്തെ തുടർഭരണം പാർട്ടിക്കാർക്കിടയിൽ അഹങ്കാരം വർദ്ധിക്കാൻ ഇടയാക്കിയെന്നും സഹകരണ ബാങ്കുകളിലെ അഴിമതി തെരഞ്ഞെടുപ്പിൽ വലിയ തിരിച്ചടിയായെന്നും അദ്ദേഹം തുറന്നടിച്ചു. സിപിഎമ്മും ബിജെപിയും തമ്മിൽ ധാരണയുണ്ടെന്ന വ്യാജപ്രചാരണം ജനങ്ങൾ വിശ്വസിക്കാൻ പാർട്ടിക്കാരുടെ ചില പ്രസ്താവനകൾ വഴിയൊരുക്കിയെന്നും മലപ്പുറം വള്ളിക്കുന്നിൽ ലോക്കൽ കമ്മിറ്റി ഓഫീസ് ശിലാസ്ഥാപന യോഗത്തിൽ സംസാരിക്കവെ ഐസക് കുറ്റപ്പെടുത്തി.

​പാർട്ടിയിൽ ആരെങ്കിലും വിയോജിച്ച് പുറത്തുപോയാൽ സൗകര്യമായി എന്ന് കരുതുന്ന വികലമായ രീതിയാണ് ഇപ്പോൾ നിലനിൽക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു. സ്വന്തം ആളുകൾ മാത്രം മതിയെന്ന നിലപാട് തെറ്റാണെന്നും അത് അടിയന്തരമായി തിരുത്തണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സഹകരണ ബാങ്കുകളിൽ ജനങ്ങൾ പണം നിക്ഷേപിക്കുന്നത് പാർട്ടിയെ വിശ്വസിച്ചാണെന്നും, എന്നാൽ ആ വിശ്വാസം കാത്തുസൂക്ഷിക്കുന്ന തരത്തിലല്ല പലയിടത്തും പെരുമാറ്റമുണ്ടായതെന്നും ചൂണ്ടിക്കാട്ടിയ ഐസക്, കഴിഞ്ഞകാലങ്ങളേക്കാൾ വലിയ പ്രതിസന്ധിയാണ് പ്രസ്ഥാനം ഇപ്പോൾ നേരിടുന്നതെന്നും വ്യക്തമാക്കി.

​എന്നാൽ ജനങ്ങൾ പാർട്ടിയെ പൂർണ്ണമായി വെറുക്കുകയോ തള്ളിക്കളയുകയോ ചെയ്തിട്ടില്ലെന്നും തെറ്റുകൾ തിരുത്താനായി നൽകിയ ഒരു 'ഷോക്ക് ട്രീറ്റ്‌മെന്റ്' മാത്രമാണിതെന്നും അദ്ദേഹം പറഞ്ഞു. വീഴ്ചകൾ തിരിച്ചറിഞ്ഞ് തിരുത്തുക മാത്രമല്ല, പാർട്ടി നന്നായെന്ന് ജനങ്ങൾക്ക് ബോധ്യപ്പെടുകയും വേണം. അടുത്ത തെരഞ്ഞെടുപ്പിൽ ഈ പോരായ്മകൾ പരിഹരിച്ച് എൽഡിഎഫ് കൂടുതൽ കരുത്തോടെ അധികാരത്തിൽ തിരിച്ചെത്തുമെന്നും ഐസക് ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക