Image

കാന്തപുരത്തിനെതിരായ പരാമർശം പിൻവലിച്ച് മുഖ്യമന്ത്രി മാപ്പുപറയണം: വി.ഡി. സതീശന്റെ സ്ത്രീവിരുദ്ധ പരാമർശ വിമർശനത്തിനെതിരെ സമസ്ത

Published on 02 September, 2026
കാന്തപുരത്തിനെതിരായ പരാമർശം പിൻവലിച്ച് മുഖ്യമന്ത്രി മാപ്പുപറയണം: വി.ഡി. സതീശന്റെ സ്ത്രീവിരുദ്ധ പരാമർശ വിമർശനത്തിനെതിരെ സമസ്ത

കോഴിക്കോട്: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർക്കെതിരെ നടത്തിയ പരാമർശങ്ങളിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ മാപ്പുപറയണമെന്ന് സമസ്ത എ.പി. വിഭാഗം. കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പൂർണ്ണമായും കളവാണെന്നും അത് പിൻവലിക്കണമെന്നും കേരള മുസ്ലിം ജമാഅത്ത് ആവശ്യപ്പെട്ടു. ഇസ്ലാമിക ചരിത്രത്തെയും സന്ദർഭങ്ങളെയും തെറ്റായി മനസ്സിലാക്കി പരസ്യമായി പ്രതികരിക്കുന്നത് മുഖ്യമന്ത്രിയുടെ പദവിക്ക് ചേർന്നതല്ലെന്നും, ചരിത്രവും ഖുർആനും ശരിയായ രീതിയിൽ പഠിക്കാൻ വായനാപ്രിയനെന്ന് സ്വയം വിശേഷിപ്പിക്കുന്ന മുഖ്യമന്ത്രി തയ്യാറാകണമെന്നും സംഘടന വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

​സ്ത്രീകൾ പൊതുരംഗത്തിറങ്ങുന്നതുമായി ബന്ധപ്പെട്ട് കാന്തപുരം നടത്തിയ പ്രതികരണങ്ങൾക്കെതിരെ മുഖ്യമന്ത്രി നേരത്തെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. കാന്തപുരത്തിന്റേത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ പറയാൻ പാടില്ലാത്ത യാഥാസ്ഥിതിക നിലപാടുകളാണെന്നും സ്ത്രീകളെ വീടുകളിൽ മാത്രം ഒതുക്കാനുള്ള നീക്കം ഇസ്ലാമിക ചരിത്രത്തിന് തന്നെ വിരുദ്ധമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. പ്രവാചക പത്നി ഖദീജ വിജയകരമായ ബിസിനസ്സ് നയിച്ച വ്യക്തിയാണെന്നും, ആയിഷ യുദ്ധരംഗത്ത് പടനയിച്ച ചരിത്രമുണ്ടെന്നും ചൂണ്ടിക്കാട്ടിയ അദ്ദേഹം, ഭരണാധികാരിയായിരുന്ന ബിൽക്കിസ് രാജ്ഞിയുടെ ചരിത്രവും ഓർമ്മിപ്പിച്ചിരുന്നു.

​രാജസദസ്സിൽ വെച്ച് ഖലീഫാ ഉമറിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത സ്ത്രീയുടെ ചരിത്രമുള്ളപ്പോൾ, സ്ത്രീകളെ നാലുചുമരുകൾക്കുള്ളിൽ തളച്ചിടുന്നത് അംഗീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി തുറന്നടിച്ചിരുന്നു. പുരോഗമന സമൂഹത്തിൽ സ്ത്രീകൾക്ക് പൂർണ്ണ പങ്കാളിത്തവും തുല്യനീതിയും അനിവാര്യമാണെന്നും സ്ത്രീവിരുദ്ധമായ യാതൊരു നിലപാടുകൾക്കും കേരളത്തിന്റെ മണ്ണിൽ സ്വീകാര്യത ലഭിക്കില്ലെന്നും വ്യക്തമാക്കിയ മുഖ്യമന്ത്രിയുടെ ഈ നിലപാടുകളാണ് ഇപ്പോൾ പുതിയ രാഷ്ട്രീയ-സാമുദായിക വാദപ്രതിവാദങ്ങൾക്ക് വഴിതുറന്നിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക