Image

പട്ടയത്തിന് കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതി: സനീഷ് കുമാർ ജോസഫ് എംഎൽഎയ്ക്കെതിരെ വിജിലൻസ് അന്വേഷണത്തിന് കോടതി ഉത്തരവ്

Published on 02 September, 2026
പട്ടയത്തിന് കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതി: സനീഷ് കുമാർ ജോസഫ് എംഎൽഎയ്ക്കെതിരെ വിജിലൻസ് അന്വേഷണത്തിന് കോടതി ഉത്തരവ്

തൃശൂർ: ഭൂമിക്ക് പട്ടയം ലഭിക്കുന്നതിനായി കൈക്കൂലി ആവശ്യപ്പെട്ടെന്ന പരാതിയിൽ ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫ് ഉൾപ്പെടെയുള്ളവർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്. കെപിസിസി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത്, ആറ് റവന്യൂ ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താനാണ് തൃശൂർ വിജിലൻസ് കോടതി നിർദേശം നൽകിയത്. തൃശൂർ താണിക്കുടം സ്വദേശി ഒറയാംപുറത്ത് ദേവേന്ദ്രൻ നൽകിയ ഹർജിയിലാണ് കോടതിയുടെ നിർണായക നടപടി.

​മാടക്കത്തറ വില്ലേജിൽ മാതാവിന്റെ കൈവശമുള്ള 17 സെന്റ് സ്ഥലത്തിന് പട്ടയം ലഭിക്കാൻ 2013-ൽ അന്നത്തെ ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന സനീഷ് കുമാർ ജോസഫിനെ സമീപിച്ചപ്പോൾ അഞ്ച് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് ദേവേന്ദ്രന്റെ പരാതി. പിന്നീട് തുക രണ്ട് ലക്ഷത്തി എഴുപത്തയ്യായിരമായും ഒടുവിൽ 50,000 രൂപയായും കുറച്ചെങ്കിലും പണം നൽകാൻ പരാതിക്കാരൻ തയ്യാറായില്ല. ഇതിനെത്തുടർന്ന് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കഴിഞ്ഞ പതിനഞ്ച് വർഷത്തോളമായി പട്ടയം അനുവദിക്കാതെ കുടുംബത്തെ ദ്രോഹിക്കുകയാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

​അതേസമയം, പൊതുപ്രവർത്തകരെ മനപ്പൂർവ്വം വ്യക്തിഹത്യ ചെയ്യാനുള്ള ആസൂത്രിത നീക്കമാണ് പരാതിക്ക് പിന്നിലെന്ന് കെപിസിസി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത് പ്രതികരിച്ചു. മുൻപ് ഇതേ വിഷയത്തിൽ വിജിലൻസ് വിശദമായ അന്വേഷണം നടത്തി കഴമ്പില്ലെന്ന് കണ്ട് തള്ളിയതാണെന്നും അദ്ദേഹം പറഞ്ഞു. ഹർജിക്കാരന്റെ മാതാവിന് സ്വന്തം പേരിൽ മറ്റു ഭൂമിയുള്ളതിനാലാണ് വില്ലേജ് ഓഫീസറും തഹസിൽദാരും ചേർന്ന് അന്ന് പട്ടയം നിഷേധിച്ചതെന്നും രാഷ്ട്രീയപ്രേരിതമായ ആരോപണങ്ങൾ തള്ളിക്കളയുന്നതായും അദ്ദേഹം വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക