
കൊച്ചി: അനാശാസ്യ കേന്ദ്രങ്ങളിൽ പണം നൽകി ലൈംഗിക സേവനം തേടുന്ന ഇടപാടുകാർക്കെതിരെയും കേസെടുക്കാമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നിർണായക വിധി. ഇടപാടുകാർ കുറ്റക്കാരല്ലെന്ന മുൻ സിംഗിൾ ബെഞ്ച് ഉത്തരവുകൾ അസാധുവാക്കിക്കൊണ്ടാണ് ജസ്റ്റിസ് രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. ലൈംഗിക സേവനം വാങ്ങാൻ ആളുകൾ എത്തുന്നതുകൊണ്ടാണ് ഇത്തരം കേന്ദ്രങ്ങൾ നിലനിൽക്കുന്നതെന്നും, അതിനാൽ വെറും 'ഉപഭോക്താവ്' എന്ന പേരിൽ ഇവരെ നിയമപരിധിയിൽ നിന്ന് ഒഴിവാക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
സാമ്പത്തിക നേട്ടത്തിനു വേണ്ടിയുള്ള വാണിജ്യപരമായ ലൈംഗിക ചൂഷണം തടയുകയാണ് അനാശാസ്യ നിരോധന നിയമത്തിന്റെ ലക്ഷ്യമെന്ന് കോടതി ചൂണ്ടിക്കാട്ടി. ലൈംഗിക തൊഴിലാളിയുടെ സേവനം തേടുന്ന വ്യക്തി നടത്തുന്ന പണമിടപാട് തന്നെ അവരെ ഈ തൊഴിലിൽ തുടരാൻ പ്രേരിപ്പിക്കുന്ന ഘടകമാണ്. ഇടപാടുകാർ ഈ വാണിജ്യ ഇടപാടിൽ സജീവ പങ്കാളികളാണെന്നും, അനാശാസ്യ കേന്ദ്രങ്ങളിൽ എത്തുന്നവർക്ക് ഇതിൽ പങ്കില്ലെന്ന് പറയാനാകില്ലെന്നും ഉത്തരവിൽ പറയുന്നു. ഈ വിഷയത്തിൽ കോടതിയുടെ മുൻ ഉത്തരവുകളിൽ ഭിന്നത നിലനിന്നതിനെത്തുടർന്നാണ് വിഷയം ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയ്ക്ക് എത്തിയത്.
സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം വേശ്യാവൃത്തിയിലേക്ക് തള്ളിവിടപ്പെടുന്ന ലൈംഗിക തൊഴിലാളികൾ യഥാർത്ഥത്തിൽ ഇരകളാണെന്നും കോടതി നിരീക്ഷിച്ചു. ഇരകൾ പലപ്പോഴും കച്ചവടച്ചരക്കായി മാറുമ്പോൾ ഇതിലൂടെ ലാഭമുണ്ടാക്കുന്നത് കേന്ദ്രം നടത്തുന്നവരാണ്. പണം നൽകി ലൈംഗിക സേവനം തേടി ആളുകൾ എത്തിയില്ലെങ്കിൽ ഇത്തരം ചൂഷണങ്ങളും നിയമവിരുദ്ധ പ്രവർത്തനങ്ങളും നടക്കില്ലെന്നും നിരീക്ഷിച്ച കോടതി, ഇടപാടുകാരെ കേസിൽ പ്രതി ചേർക്കുന്നതിൽ യാതൊരു നിയമതടസ്സവുമില്ലെന്ന് വ്യക്തമാക്കി.