Image

ഫ്‌ലോറിഡയില്‍ 1976-ലെ കൊലക്കേസ് പ്രതിയുടെ വധശിക്ഷ നടപ്പാക്കി

പി പി ചെറിയാന്‍ Published on 02 September, 2026
ഫ്‌ലോറിഡയില്‍ 1976-ലെ കൊലക്കേസ് പ്രതിയുടെ വധശിക്ഷ നടപ്പാക്കി

ഫ്‌ലോറിഡ:1976-ല്‍ പതിനാറുകാരിയായ പെണ്‍കുട്ടിയെ വെടിവെച്ചുകൊന്ന കേസില്‍ ഫ്‌ലോറിഡയില്‍ ഹരോള്‍ഡ് ജീന്‍ ലൂക്കാസ് (74) എന്ന പ്രതിയുടെ വധശിക്ഷ സെപ്റ്റംബര്‍ 1നു നടപ്പാക്കി. സ്റ്റാര്‍ക്കിന് സമീപമുള്ള ഫ്‌ലോറിഡ സ്റ്റേറ്റ് പ്രിസണില്‍ മാരകമായ വിഷച്ചൂചി കുത്തിവെച്ചാണ് (lethal injection) വധശിക്ഷ നടപ്പിലാക്കിയത്. ഈ വര്‍ഷം ഫ്‌ലോറിഡയില്‍ നടപ്പാക്കുന്ന 14-ാമത്തെ വധശിക്ഷ. അമേരിക്കയില്‍ ഈ വര്‍ഷം ഇതുവരെ ആകെ നടപ്പാക്കിയ 23 വധശിക്ഷകളില്‍ പകുതിയോളവും ഫ്‌ലോറിഡയിലാണ് നടന്നത്.

ഫോര്‍ട്ട് മെയ്േഴ്‌സിന് തെക്ക് ഭാഗത്തുള്ള ബോണിറ്റ സ്പ്രിങ്‌സില്‍ 1976 ഓഗസ്റ്റ് 13-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനെ തുടര്‍ന്ന് 16 കാരിയായ ജില്‍ പൈപ്പറിനെ വെടിവെച്ചു കൊലപ്പെടുത്തിയെന്നും, ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളായ റിച്ചാര്‍ഡ് ബേര്‍ഡ് ജൂനിയര്‍ (19), ടെറി റൈസ് (17) എന്നിവരെ പരിക്കേല്‍പ്പിച്ചെന്നുമാണ് ലൂക്കാസിനെതിരെയുള്ള കുറ്റം. പെണ്‍കുട്ടിയുമായി വര്‍ഷങ്ങളായി പരിചയമുണ്ടായിരുന്ന ലൂക്കാസ്, മുന്‍പും വധഭീഷണി മുഴക്കിയിരുന്നതായി ദൃക്‌സാക്ഷികള്‍ കോടതിയില്‍ മൊഴി നല്‍കിയിരുന്നു.

1977-ലാണ് ലൂക്കാസിന് ആദ്യമായി വധശിക്ഷ വിധിക്കുന്നത്. എന്നാല്‍ നിയമപരമായ നടപടിക്രമങ്ങളിലെ പിഴവുകള്‍ കാരണം 1977-നും 1990-നും ഇടയില്‍ അദ്ദേഹത്തിന്റെ വധശിക്ഷ നാല് തവണ റദ്ദാക്കുകയും പിന്നീട് പുനഃസ്ഥാപിക്കുകയും ചെയ്തു. ഒടുവില്‍ 1990-ല്‍ അന്തിമ വധശിക്ഷ വിധിക്കുകയും, പിന്നീട് നല്‍കിയ അപ്പീലുകളെല്ലാം പരാജയപ്പെടുകയും ചെയ്തു. ഒരേ കുറ്റത്തിന് അഞ്ച് തവണയാണ് ഇയാള്‍ക്ക് വധശിക്ഷ വിധിക്കപ്പെട്ടത്.

ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസ് വധശിക്ഷാ വാറണ്ടില്‍ ഒപ്പുവെച്ചതിനെ തുടര്‍ന്ന് ലൂക്കാസ് അന്തിമ അപ്പീലുകളെല്ലാം പിന്‍വലിച്ചിരുന്നു. 'ഞാന്‍ 50 വര്‍ഷമായി ഡെത്ത് റോയിലാണ്, ഇത് ഇനി നീട്ടിക്കൊണ്ടുപോകാന്‍ താല്‍പ്പര്യമില്ല... എത്രയും പെട്ടെന്ന് തീരുന്നുവോ അത്രയും എനിക്ക് സന്തോഷം. ഞാന്‍ തളര്‍ന്നു,' എന്ന് അദ്ദേഹം ജഡ്ജിയോട് വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് മൂന്ന് മരുന്നുകള്‍ അടങ്ങിയ വിഷച്ചൂചി നല്‍കിയ അദ്ദേഹത്തിന്റെ മരണം വൈകുന്നേരം 6:18-ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു.

ഈ വധശിക്ഷ തങ്ങള്‍ക്ക് ആശ്വാസം നല്‍കിയെന്നും എന്നാല്‍ കുടുംബത്തിന്റെ ദുഃഖം മായുന്നില്ലെന്നും കൊല്ലപ്പെട്ട ജില്‍ പൈപ്പറിന്റെ സഹോദരന്‍ ബക്ക് പൈപ്പര്‍ പ്രതികരിച്ചു. ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട ടെറി റൈസിന്റെ സഹോദരിയായ ജാനിസ് റൈസ്, തന്റെ സഹോദരിക്ക് ഈ ശിക്ഷാവിധി നേരിട്ട് കാണാന്‍ സാധിച്ചില്ലല്ലോ എന്ന ദുഃഖം പങ്കുവെച്ചു.

ഓഗസ്റ്റ് 18, 2026-ന് ശേഷം അമേരിക്കയില്‍ നടക്കുന്ന ആദ്യ വധശിക്ഷയാണിത്. ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസിന്റെ കര്‍ശന വധശിക്ഷാ നയത്തിന്റെ ഭാഗമായി സെപ്റ്റംബര്‍ മാസത്തില്‍ ഫ്‌ലോറിഡയില്‍ മറ്റ് രണ്ട് വധശിക്ഷകള്‍ കൂടി നിശ്ചയിച്ചിട്ടുണ്ട്. 2026-ല്‍ അമേരിക്കയിലെ മറ്റ് എല്ലാ സംസ്ഥാനങ്ങളും കൂടി നടപ്പാക്കിയതിനേക്കാള്‍ കൂടുതല്‍ വധശിക്ഷകളാണ് ഫ്‌ലോറിഡ സംസ്ഥാനത്ത് മാത്രം ഇതുവരെ നടന്നിട്ടുള്ളത്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക