Image

ട്രെയിനില്‍ മദ്യലഹരിയില്‍ കാണപ്പെടുന്നവര്‍ക്കെതിരായ ശിക്ഷാ നടപടികള്‍ ശരിവെച്ച് ഹൈക്കോടതി

Published on 02 September, 2026
 ട്രെയിനില്‍ മദ്യലഹരിയില്‍ കാണപ്പെടുന്നവര്‍ക്കെതിരായ ശിക്ഷാ നടപടികള്‍ ശരിവെച്ച് ഹൈക്കോടതി

 

കൊച്ചി: റെയില്‍വേ വളപ്പിലോ ട്രെയിനിലോ മദ്യലഹരിയില്‍ കാണപ്പെടുന്നവര്‍ക്കെതിരായ ശിക്ഷാ നടപടികള്‍ ശരിവെച്ച് ഹൈക്കോടതി. ഇത്തരക്കാര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കാനും ഇവരെ പുറത്താക്കാനും അധികാരം നല്‍കുന്ന 1989ലെ റെയില്‍വേ ആക്ടിലെ 145 (എ)വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി പ്രഖ്യാപിച്ചു. പ്രസ്തുത വകുപ്പ് തടയണമെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് തള്ളി.

റെയില്‍വേ നിയമത്തിലെ വ്യവസ്ഥ ഭരണഘടനാവിരുദ്ധമല്ല. മദ്യലഹരി സംശയിക്കുന്നവരെ ആദ്യം ശാരീരിക പെരുമാറ്റവും ദൃശ്യലക്ഷണങ്ങളും അടിസ്ഥാനമാക്കി വിലയിരുത്തണം. ആവശ്യമായ സാഹചര്യത്തില്‍ ബ്രത്ത് അനലൈസര്‍ പരിശോധന നടത്താം. തുടര്‍നടപടികള്‍ക്കായി മെഡിക്കല്‍ പരിശോധനയും നടത്താം. യാത്രക്കാരുടെ സുരക്ഷ, സൗകര്യം, പൊതുസമാധാനം എന്നിവ സംരക്ഷിക്കുകയാണ് നിയമത്തിന്റെ ലക്ഷ്യമെന്നും കോടതി പറഞ്ഞു. അധികാരം ദുരുപയോഗം ചെയ്താല്‍ അതിനെതിരെ കോടതിയെ സമീപിക്കാന്‍ വ്യക്തിക്ക് നിയമപരമായ അവകാശമുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

ടൂര്‍ ആന്‍ഡ് ട്രാവല്‍സ് കമ്പനി മാനേജിങ് ഡയറക്ടര്‍ കെ എന്‍ ശാസ്ത്രി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിര്‍ണായക വിധി. 'മദ്യപിച്ച അവസ്ഥ' (state of intoxication) എന്നതിന് നിയമത്തില്‍ കൃത്യമായ നിര്‍വ്വചനമില്ലെന്നും ഇത് റെയില്‍വേ പൊലീസിന് അനിയന്ത്രിതമായ അധികാരം നല്‍കുന്നുവെന്നും, ചെറിയ അളവില്‍ മദ്യപിച്ച യാത്രക്കാരെപ്പോലും ഇത് ബുദ്ധിമുട്ടിലാക്കുമെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ വാദം.

എന്നാല്‍ ട്രെയിനില്‍ വെച്ചോ സ്റ്റേഷനില്‍ വെച്ചോ ഒരു വ്യക്തിയുടെ രക്തപരിശോധന അടിയന്തരമായി നടത്തുക അപ്രായോഗികമായതിനാല്‍, ബ്രെത്ത് അനലൈസര്‍ വഴിയുള്ള പ്രാഥമിക പരിശോധനയും തുടര്‍ന്ന് പുറത്താക്കുന്ന നടപടിയും ന്യായമാണ്. മദ്യപിച്ച വ്യക്തിയെ തിരിച്ചറിയുന്നതിനായി റെയില്‍വേ ബോര്‍ഡ് കൃത്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ (Security Circular No. 02/2023) പുറത്തിറക്കിയിട്ടുണ്ട്. കണ്ണുകള്‍, സംസാരം, പെരുമാറ്റം, ശാരീരിക ലക്ഷണങ്ങള്‍ എന്നിവ വിലയിരുത്താന്‍ ഇതില്‍ വ്യക്തമാക്കുന്നുണ്ട്. അതിനാല്‍ ഉദ്യോഗസ്ഥര്‍ക്ക് അനിയന്ത്രിതമായ അധികാരം ലഭിക്കുന്നുവെന്ന വാദം അടിസ്ഥാനരഹിതമാണ്. ഒരു നിയമം നടപ്പിലാക്കുന്ന രീതിയിലുള്ള ആശങ്കകളുടെ പേരില്‍ ആ നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് പറയാനാകില്ല. പൊതുതാല്‍പര്യത്തിനും സഹയാത്രക്കാരുടെ സുരക്ഷയ്ക്കും ഇത്തരമൊരു വ്യവസ്ഥ അനിവാര്യമാണെന്നും കോടതി നിരീക്ഷിച്ചു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക