
കൊച്ചി: കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ സിന്‍ഡിക്കേറ്റ് യോഗത്തിനിടെ വിസി സിസ തോമസിനെ തടഞ്ഞ വിദ്യാര്‍ത്ഥികള്‍ക്ക് സസ്പെന്‍ഷന്‍. 16 വിദ്യാര്‍ത്ഥികളെ അന്വേഷണ നടപടികള്‍ പൂര്‍ത്തിയാകുന്നത് വരെ സസ്പെന്‍ഡ് ചെയ്യാനാണ് സിന്‍ഡിക്കേറ്റ് യോഗത്തിന്റെ തീരുമാനം. യൂണിയന്‍ ചെയര്‍മാന്‍, എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി ഉള്‍പ്പെടെയുള്ളവരെയാണ് സസ്പെന്റ് ചെയ്തിരിക്കുന്നത്.
വിസിയുടെ നടപടി വിദ്യാര്‍ത്ഥി വിരുദ്ധമാണെന്നും എത്ര ദിവസമാണ് സസ്പെന്‍ഷന്‍ എന്നത് പോലും മെന്‍ഷന്‍ ചെയ്യാതെയാണ് സിന്റിക്കേറ്റ് സമരം ചെയ്ത വിദ്യാര്‍ത്ഥികളെ സസ്പെന്റ് ചെയ്തിരിക്കുന്നതെന്നും എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് അര്‍ച്ചന പ്രതികരിച്ചു. എത്ര തന്നെ സമരങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാലും പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നാണ് എസ്എഫ്ഐ വ്യക്തമാക്കിയിരിക്കുന്നത്. നാളെ വീണ്ടും ശക്തമായ പ്രതിഷേധങ്ങള്‍ ഉണ്ടാകുമെന്നും വിദ്യാര്‍ത്ഥികള്‍ അറിയിച്ചു. കൂടുതല്‍ വിദ്യാര്‍ത്ഥികളെ അണി നിരത്തി പ്രതിഷേധം വ്യാപിപ്പിക്കാനാണ് തീരുമാനം. വിസി രാജാവല്ലെന്നും സസ്പെന്റ് ചെയ്ത വിദ്യാര്‍ത്ഥികളെ തിരിച്ചെടുക്കും വരെ സമരം തുടരുമെന്നും എസ്എഫ്ഐ അറിയിച്ചിട്ടുണ്ട്.
ആഗസ്റ്റ് 13നായിരുന്നു സിന്‍ഡിക്കേറ്റ് യോഗത്തിനിടെ വിസി സിസ തോമസിനെതിരെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചത്. സര്‍വകലാശാലയില്‍ ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗത്തിലേക്ക് പ്രവര്‍ത്തനരഹിതമായ ലൈറ്റുകളുടെ ശവമഞ്ചം അടക്കം കൊണ്ടുവന്നായിരുന്നു എസ്എഫ്‌ഐയുടെ പ്രതിഷേധം. വി സി സിസ തോമസിനേയും സിന്‍ഡിക്കേറ്റ് അംഗങ്ങളെയും പ്രതിഷേധക്കാര്‍ തടഞ്ഞുവെച്ചിരുന്നു. ഇതിന് പിന്നാലെ തനിക്കെതിരെ കയ്യേറ്റം നടന്നുവെന്ന് ആരോപിച്ച് സിസ തോമസ് രംഗത്തെത്തുകയായിരുന്നു. സിന്‍ഡിക്കേറ്റ് അംഗങ്ങളെ മുറിയില്‍ പൂട്ടിയിട്ടെന്നും സിസ തോമസ് പറഞ്ഞിരുന്നു. ഔദ്യോഗിക വാഹനം നശിപ്പിച്ചെന്ന ആരോപണവും അവര്‍ ഉന്നയിച്ചിരുന്നു. സംഭവത്തില്‍ പരാതി നല്‍കില്ലെന്നായിരുന്നു സിസ തോമസ് ആദ്യം പറഞ്ഞത്. എന്നാല്‍ പിന്നീട് പരാതി നല്‍കുകയായിരുന്നു.