
ആലപ്പുഴ: ഓപ്പറേഷന്‍ തൂഫാന്‍ സിപിഐഎം നേതാക്കളെ തൊടുന്നില്ലെന്ന ജി സുധാകരന്‍ എംഎല്‍എയുടെ ആരോപണത്തിന് മറുപടിയുമായി മന്ത്രി രമേശ് ചെന്നിത്തല. ആരും തൂഫാനില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നും രാഷ്ട്രീയം നോക്കി ആരെയും പിടികൂടുകയോ രക്ഷിക്കുകയോ ചെയ്യുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ഓപ്പറേഷന്‍ തൂഫാന് എല്ലാവരുടെയും സഹായം വേണമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ഓപ്പറേഷന്‍ തൂഫാന്‍ വമ്പിച്ച വിജയത്തിലേക്ക് കുതിക്കുകയാണ്. വന്‍ ജനകീയ പങ്കാളിത്തമാണ് ലഭിക്കുന്നത്. 170 കോടി രൂപയുടെ മയക്കുമരുന്ന് ഉല്‍പ്പന്നങ്ങള്‍ പിടികൂടി. ഇതുവരെ 10600-ല്‍ അധികം ആളുകള്‍ അറസ്റ്റിലായി. ഒമ്പതിനായിരത്തിലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇരുപതാം തീയതി രണ്ടാം ഘട്ടം ആരംഭിക്കും. തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ ജനകീയ മുന്നേറ്റമാണ് ലക്ഷ്യം. എല്ലാ ഏജന്‍സികളുടെയും സഹായത്തോടെ ലഹരി മാഫിയയുടെ വേരറുക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സ്വന്തം ആളുകള്‍ കുടുങ്ങിയപ്പോള്‍ അന്വേഷണം അട്ടിമറിച്ചവരാണ് ഇപ്പോള്‍ 'ഓപ്പറേഷന്‍ തൂഫാ'ന്റെ പേരില്‍ പി ആര്‍ മഹാമഹം തീര്‍ക്കുന്നതെന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റിനും ചെന്നിത്തല മറുപടി നല്‍കി.
പ്രതിപക്ഷ നേതാവ് മുന്‍ അനുഭവങ്ങള്‍ വെച്ചാണ് മറുപടി പറയുന്നത്. ഇപ്പോള്‍ അത് നടക്കില്ല. ചന്തേര കേസിലെ പ്രതികള്‍ ഇപ്പോഴും ജയിലിലാണ്. പത്തുകൊല്ലം കൊണ്ട് 500 ഗ്രാം ലഹരിയെങ്കിലും പിടിച്ചിട്ട് വേണം പിണറായി ഇതു പറയാന്‍. പിണറായിയുടെ കാലത്ത് എന്തുണ്ടായി?. മുന്‍ മുഖ്യമന്ത്രി കുറച്ച് ഉത്തരവാദിത്വത്തോടെ സംസാരിക്കണം. പിണറായി വിജയന്‍ ഇപ്പോള്‍ ആഭ്യന്തരവകുപ്പ് മന്ത്രി അല്ലല്ലോ. രാഷ്ട്രീയം കലര്‍ത്തി പദ്ധതി അട്ടിമറിക്കാന്‍ പിണറായി ശ്രമിക്കരുത്. താന്‍ രാഷ്ട്രീയ വിവാദത്തിന് ഇല്ലെന്നും തൂഫാനെ പ്രതിപക്ഷം പിന്തുണയ്ക്കണമെന്നും ചെന്നിത്തല അഭ്യര്‍ത്ഥിച്ചു.
സുകുമാരക്കുറുപ്പ് ജീവിച്ചിരിക്കുന്നുവെന്ന വാര്‍ത്ത വന്ന ഉടന്‍ തന്നെ അതില്‍ കാര്യമില്ല എന്ന് തനിക്ക് മനസ്സിലായെന്നും ആഭ്യന്തരമന്ത്രി കൂട്ടിച്ചേര്‍ത്തു. ആ വാര്‍ത്തയില്‍ സത്യാവസ്ഥ ഇല്ല എന്ന് മനസ്സിലായി. ക്രൈംബ്രാഞ്ചിനോട് സംഭവം അന്വേഷിക്കാന്‍ ആവശ്യപ്പെട്ടുവെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.