
കൊച്ചി: കൊച്ചി മെട്രോയുടെ ആലുവയിൽ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളം വഴി അങ്കമാലിയിലേക്കുള്ള മൂന്നാം ഘട്ട വികസനത്തിന്റെ സമഗ്ര രൂപരേഖ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ) സംസ്ഥാന സർക്കാരിന് സമർപ്പിച്ചു. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ എറണാകുളം ജില്ലയുടെ വടക്കൻ മേഖലയിൽ വൻ വികസനക്കുതിപ്പിനാണ് കളമൊരുങ്ങുന്നത്. വ്യോമ, റെയിൽ, റോഡ്, മെട്രോ ഗതാഗത സംവിധാനങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന സംയുക്ത യാത്രാ കണക്റ്റിവിറ്റിയാണ് ഇതിലൂടെ നിലവിൽ വരിക. യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധന ഉണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് അധികൃതർ പദ്ധതി വേഗത്തിലാക്കുന്നത്.
അങ്കമാലി റൂട്ടിലേക്ക് ആകെ നാല് അലൈൻമെന്റുകൾ പരിഗണിച്ചിരുന്നെങ്കിലും നെടുമ്പാശ്ശേരി എയർപോർട്ട് വഴിയുള്ള പാതയ്ക്കാണ് നിലവിൽ മുൻഗണന നൽകിയിരിക്കുന്നത്. ആലുവയിൽ നിന്ന് ആരംഭിച്ച് കരിയാട് വരെ റോഡിന് മുകളിലൂടെയുള്ള എലിവേറ്റഡ് പാതയായിരിക്കും ഇത്. എന്നാൽ എയർപോർട്ട് പരിസരത്ത് സുരക്ഷയും സാങ്കേതിക സൗകര്യങ്ങളും മുൻനിർത്തി ഭൂമിക്കടിയിലൂടെയാണ് മെട്രോ കടന്നുപോവുക. വിമാനത്താവള പരിധി പിന്നിട്ട ശേഷം വീണ്ടും ഉപരിതലത്തിലൂടെ തുടർന്ന് അങ്കമാലിയിലേക്ക് പാത എത്തും.
ഈ മൂന്നാം ഘട്ട പാതയിൽ ആകെ 15 സ്റ്റേഷനുകളാണ് നിർദ്ദേശിച്ചിട്ടുള്ളത്. തോട്ടയ്ക്കാട്ടുകര, കുന്നുംപുറം, പറമ്പയം, നെടുമ്പാശ്ശേരി, അത്താണി, കരിയാട്, എയർപോർട്ട് റെയിൽവേ സ്റ്റേഷൻ, എയർപോർട്ട്, നായത്തോട്, കവരപ്പറമ്പ്, അരീക്കൽ ജങ്ഷൻ, എൽ.എഫ്. ഹോസ്പിറ്റൽ, അങ്കമാലി ടൗൺ, കോതകുളങ്ങര, കരയാംപറമ്പ് എന്നിവയാണ് പരിഗണനയിലുള്ള സ്റ്റേഷനുകൾ. വിമാനത്താവളത്തെ മെട്രോ ശൃംഖലയുമായി ബന്ധിപ്പിക്കണമെന്നത് വർഷങ്ങളായുള്ള ആവശ്യമാണ്. നേരത്തെ തന്നെ ഇതിനായി വിശദമായ ഗതാഗത പഠനങ്ങൾ പൂർത്തിയാക്കിയിരുന്നു. സർക്കാർ അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് തുടർനടപടികൾ ആരംഭിക്കും.