Image

താമരശ്ശേരിയിൽ അടച്ചിട്ട വീട്ടിൽ വൻ തിരശേഖരവും വിദേശമദ്യവും പിടികൂടി; ഒരാൾ കസ്റ്റഡിയിൽ

Published on 02 September, 2026
താമരശ്ശേരിയിൽ അടച്ചിട്ട വീട്ടിൽ വൻ തിരശേഖരവും വിദേശമദ്യവും പിടികൂടി; ഒരാൾ കസ്റ്റഡിയിൽ

​കോഴിക്കോട്: താമരശ്ശേരിയിൽ അടച്ചിട്ട വീട്ടിൽ നടത്തിയ സംയുക്ത പരിശോധനയിൽ തോക്കിന്റെ എഴുപത് വെടിയുണ്ടകളും 63 കുപ്പി വിദേശമദ്യവും കണ്ടെടുത്തു. താമരശ്ശേരി കമ്മാളൻകുന്നത്താണ് സംഭവം. എംപാനൽ ഷൂട്ടർമാർ ഉപയോഗിക്കുന്ന തരത്തിലുള്ള വലിയ തോക്കുകളിൽ നിറയ്ക്കുന്ന തിരകളാണ് കണ്ടെടുത്തത്. എന്നാൽ തിരകൾക്കൊപ്പം ഉപയോഗിക്കുന്ന തോക്ക് കണ്ടെത്താനായിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ താമരശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

​രഹസ്യവിവരത്തെത്തുടർന്ന് താമരശ്ശേരി പൊലീസും എക്സൈസ് റേഞ്ച് സംഘവും സംയുക്തമായി നടത്തിയ റെയ്ഡിലാണ് വൻ ശേഖരം പിടികൂടിയത്. കമ്മാളൻകുന്നത്തുള്ള ഈ വീട് കോടഞ്ചേരി നെല്ലിപ്പൊയിൽ സ്വദേശിക്ക് വാടകയ്ക്ക് നൽകിയിരുന്നതായാണ് വിവരം. ആളൊഴിഞ്ഞതും പൂട്ടിക്കിടന്നതുമായ വീട്ടിൽ ഇത്രയധികം തിരകളും വിദേശമദ്യവും എന്തിനാണ് സൂക്ഷിച്ചതെന്ന കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

​അനധികൃതമായി സൂക്ഷിച്ച വിദേശമദ്യത്തിന് പുറമെ വലിയ തോക്കുകളുടെ തിരകൾ കൂടി കണ്ടെത്തിയതോടെ സംഭവം ഗൗരവത്തോടെയാണ് അന്വേഷണ സംഘം കാണുന്നത്. തോക്ക് എവിടെ സൂക്ഷിച്ചിരിക്കുന്നുവെന്നും മറ്റേതെങ്കിലും അട്ടിമറി ലക്ഷ്യങ്ങളോ അനധികൃത വേട്ടയോ ഇതിന് പിന്നിലുണ്ടോയെന്നും പരിശോധിച്ചുവരികയാണ്. കസ്റ്റഡിയിലുള്ളയാളെ വിശദമായി ചോദ്യം ചെയ്ത ശേഷം കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്ന് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക