
കൊച്ചി: ഓണാഘോഷത്തിന്റെ ഭാഗമായി പാലാരിവട്ടത്ത് ഒരുക്കിയ അത്തപ്പൂക്കളം തട്ടിത്തെറിപ്പിച്ച സംഭവത്തിൽ മാപ്പപേക്ഷയുമായി പെൺകുട്ടി രംഗത്ത്. ജോലി സംബന്ധമായ കടുത്ത മാനസികസമ്മർദ്ദത്തിനിടയിൽ അബദ്ധത്തിൽ കാൽ തട്ടിയതാണെന്നും മനഃപൂർവം ചെയ്തതല്ലെന്നും പെൺകുട്ടി വ്യക്തമാക്കി. എറണാകുളം പാലാരിവട്ടം മെട്രോ പില്ലർ 545-ന് സമീപമുള്ള 'മൈഥിലി' എന്ന കെട്ടിടത്തിന് മുന്നിൽ ഉത്രാടനാളിൽ സ്ഥാപനങ്ങൾ ചേർന്ന് തയ്യാറാക്കിയ പൂക്കളമാണ് അലങ്കോലപ്പെടുത്തിയത്. ജീവനക്കാർ ഉച്ചഭക്ഷണത്തിന് പോയ സമയത്തുണ്ടായ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
സംഭവത്തിൽ പാലാരിവട്ടം പൊലീസ് ബി.എൻ.എസ് 192 വകുപ്പ് പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് പെൺകുട്ടി വിശദീകരണവുമായി എത്തിയത്. മതവികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചുള്ളതല്ലെന്നും സ്വന്തം ഭാഗത്തുനിന്നുണ്ടായ തെറ്റ് തിരിച്ചറിയുന്നുവെന്നും പെൺകുട്ടി പറഞ്ഞു. ഉണ്ടായ സംഭവത്തിൽ വലിയ വിഷമമുണ്ടെന്നും ഹിന്ദു സമൂഹത്തോടും പൊതുജനങ്ങളോടും നിരുപാധികം മാപ്പ് ചോദിക്കുന്നതായും പെൺകുട്ടി വ്യക്തമാക്കി.
താഴെ വീണ പൂക്കളം ചവിട്ടിമാറ്റുന്ന സമയത്ത് ഒപ്പമുണ്ടായിരുന്ന മാതാവിന് ഇതിൽ യാതൊരു പങ്കുമില്ലെന്നും, തെറ്റ് പൂർണ്ണമായും തന്റെ ഭാഗത്തുനിന്നു മാത്രമാണ് സംഭവിച്ചതെന്നും പെൺകുട്ടി വ്യക്തമാക്കി. താനും ഒരു മലയാളിയാണെന്നും ഇത്തരം ഒരു സംഭവം വിവാദമായതിൽ അങ്ങേയറ്റം ഖേദിക്കുന്നുവെന്നും വ്യക്തമാക്കിയതോടെ സംഭവത്തിലെ തെറ്റിദ്ധാരണകൾക്ക് അയവു വരുമെന്ന പ്രതീക്ഷയിലാണ് ബന്ധപ്പെട്ടവർ.