
കൊല്ലം: ദോശ നൽകാൻ വൈകിയെന്നാരോപിച്ച് തട്ടുകട തല്ലിത്തകർക്കുകയും ഉടമകളായ ദമ്പതികളെ മർദിക്കുകയും ചെയ്ത കേസിൽ രണ്ടുപേരെ ശൂരനാട് പൊലീസ് അറസ്റ്റ് ചെയ്തു. ശൂരനാട് തെക്ക് ഇരവിച്ചിറ സ്വദേശികളായ അജി (46), രമേശൻ (44) എന്നിവരാണ് പിടിയിലായത്. അക്രമത്തിൽ പങ്കാളിയായ മൂന്നാമനായി പൊലീസ് അന്വേഷണം ഊർജിതമാക്കി. ശൂരനാട് കോയിക്കൽ ചന്തയിൽ ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു സംഭവം.
മനാഫും ഭാര്യയും ചേർന്നു നടത്തുന്ന കടയിൽ പ്രഭാതഭക്ഷണത്തിനെത്തിയ പ്രതികൾ ദോശ ആവശ്യപ്പെട്ടു. എന്നാൽ, നേരത്തെ എത്തിയ ഉപഭോക്താക്കൾക്ക് ഭക്ഷണം ആദ്യം നൽകിയതിനെച്ചൊല്ലി പ്രതികൾ തർക്കത്തിലേർപ്പെട്ടു. വാക്കേറ്റം രൂക്ഷമായതോടെ പ്രകോപിതരായ സംഘം ദമ്പതികളെ ദേഹോപദ്രവം ഏൽപ്പിക്കുകയും, കടയിലെ ചില്ല് അലമാരയും ഉപകരണങ്ങളും അടിച്ചുതകർക്കുകയുമായിരുന്നു. വ്യാപാരസ്ഥാപനത്തിലുണ്ടായിരുന്ന സാധനസാമഗ്രികൾ നശിപ്പിച്ചതായും ഉടമകൾ പരാതിപ്പെട്ടു.
നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് ശൂരനാട് പൊലീസ് സ്ഥലത്തെത്തിയെങ്കിലും പ്രതികൾ പൊലീസിനോടും കയർത്തു സംസാരിച്ചു. ഇതിനിടയിലുണ്ടായ ഉന്തുംതള്ളിലും വീണ് അജിക്ക് തലയ്ക്ക് പരിക്കേറ്റു. സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട രമേശനെ കായംകുളം റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പൊലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.