
കോഴിക്കോട്: നഗരത്തിൽ നിയന്ത്രണം വിട്ട കാർ മതിലിലിടിച്ച് തീപിടിച്ച് വ്യാപാരി വെന്തുമരിച്ചു. ചേവായൂർ സ്വദേശിയും വാഹന-വസ്തു ഇടപാടുകാരനുമായ സി.പി. സുധാകരൻ ആണ് മരിച്ചത്. ഇന്ന് പുലർച്ചെ നാലുമണിയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. ബിസിനസ് ആവശ്യങ്ങൾക്കായി വീട്ടിൽ നിന്ന് കൊയിലാണ്ടിയിലേക്ക് തിരിക്കവേ വീടിന് സമീപത്തുവെച്ചായിരുന്നു അപകടം.
വീടിനടുത്തുള്ള വലിയ ഇറക്കം ഇറങ്ങി വരുന്നതിനിടെ സുധാകരൻ ഓടിച്ചിരുന്ന കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. നിയന്ത്രണംവിട്ട വാഹനം റോഡരികിലെ ട്രാൻസ്ഫോർമറിനോട് ചേർന്ന ഭാഗത്ത് ഇടിച്ച ശേഷം വൻ ആഘാതത്തോടെ സമീപത്തെ മതിലിലേക്ക് ഇടിച്ചുകയറി. ഇടിയുടെ ആഘാതത്തിൽ കാറിന് പെട്ടെന്ന് തീപിടിക്കുകയും വാതിലുകൾ തുറന്ന് പുറത്തിറങ്ങാൻ കഴിയാതെ സുധാകരൻ കാറിനുള്ളിൽ കുടുങ്ങുകയുമായിരുന്നു.
തീ ആളിക്കത്തുന്നത് കണ്ട് ഓടിയെത്തിയ നാട്ടുകാരാണ് ഉടൻ തന്നെ അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചത്. നാട്ടുകാർ എത്തുമ്പോഴേക്കും കാർ പൂർണമായും അഗ്നിക്കിരയായിരുന്നു. ഏകദേശം പതിനഞ്ച് മിനിറ്റോളം വാഹനം ആളിപ്പടർന്നു കത്തിയതായാണ് വിവരം. വിവരമറിഞ്ഞ് അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തീയണച്ചപ്പോഴേക്കും സുധാകരൻ മരണപ്പെട്ടിരുന്നു. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് അടക്കമുള്ള തുടർനടപടികൾ സ്വീകരിച്ചു.