
കോഴിക്കോട്: മുതിർന്ന കോൺഗ്രസ് നേതാവും കോഴിക്കോട് ഡി.സി.സി മുൻ പ്രസിഡന്റുമായ അഡ്വ. എം. വീരാൻകുട്ടി (80) അന്തരിച്ചു. കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷന്റെ പ്രഥമ ചെയർമാനായിരുന്ന അദ്ദേഹം മലബാറിലെ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ വളർച്ചയിൽ നിർണായക പങ്ക് വഹിച്ച ജനകീയ നേതാവാണ്. കബറടക്കം ബുധനാഴ്ച രാവിലെ 11.30-ന് കാമശ്ശേരി ജുമാമസ്ജിദ് കബറിസ്താനിൽ നടക്കും.
യൂത്ത് കോൺഗ്രസിലൂടെ സജീവ രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന വീരാൻകുട്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റായിരുന്ന കാലത്ത് സംഘടനയുടെ കോഴിക്കോട് ജില്ലാ പ്രസിഡന്റായി മികച്ച പ്രവർത്തനമാണ് കാഴ്ചവെച്ചത്. കോൺഗ്രസ് അഖിലേന്ത്യാ തലത്തിൽ പിളർപ്പിനെ നേരിട്ട നിർണായക സന്ധിയിൽ ഇന്ദിരാഗാന്ധിക്കൊപ്പം അടിയുറച്ചു നിന്ന അദ്ദേഹം പാർട്ടിയുടെ വിശ്വസ്തനായ പോരാളിയായി മാറി.
അഡ്വ. പി. ശങ്കരന് ശേഷമാണ് വീരാൻകുട്ടി കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷ പദവിയിലേക്ക് എത്തുന്നത്. സംഘടനാ മികവിലൂടെ പാർട്ടിയെ നയിച്ച അദ്ദേഹം നിയമസഭാ തെരഞ്ഞെടുപ്പിൽ നാദാപുരം മണ്ഡലത്തിൽ നിന്നും യു.ഡി.എഫ് സ്ഥാനാർത്ഥിയായി ജനവിധി തേടിയിട്ടുണ്ട്. അഡ്വ. എം. വീരാൻകുട്ടിയുടെ നിര്യാണത്തിൽ രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.