
കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ബലക്ഷയം കൃത്യമായി വിലയിരുത്താൻ അത്യാധുനിക സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ചുള്ള കൂടുതൽ പരിശോധനകൾ വേണമെന്ന് കേരളം. ദേശീയ ജലവൈദ്യുത കോർപ്പറേഷൻ മുൻ സി.എം.ഡി ബൽരാജ് ജോഷി അധ്യക്ഷനായ ഉന്നതാധികാര സമിതി ഇന്നലെ അണക്കെട്ടിൽ ഒന്നാംഘട്ട സന്ദർശനം പൂർത്തിയാക്കിയ പശ്ചാത്തലത്തിലാണ് സംസ്ഥാനം ഈ ആവശ്യം ശക്തമാക്കുന്നത്. ഇരു സംസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥരുമായി ഇന്ന് നടക്കുന്ന സംയുക്ത യോഗത്തിൽ കേരളം വിഷയം ഔദ്യോഗികമായി ഉന്നയിക്കും.
ഇന്നലെ ഡാമിലെത്തിയ വിദഗ്ധ സംഘം പ്രധാന അണക്കെട്ട്, ബേബി ഡാം, സ്പിൽവേ എന്നിവ കേന്ദ്രീകരിച്ച് വിപുലമായ പരിശോധന നടത്തിയിരുന്നു. പ്രധാന അണക്കെട്ടിലെ അറ്റകുറ്റപ്പണികൾ, ഗാലറിയിലെ ഉപകരണങ്ങളുടെ പ്രവർത്തനക്ഷമത, സ്വീപ്പേജ് ജലത്തിന്റെ അളവ്, സ്പിൽവേ ഷട്ടറുകളുടെ അവസ്ഥ എന്നിവയെല്ലാം സംഘം സൂക്ഷ്മമായി വിലയിരുത്തി. ഒഡീഷ ജലവിഭവ വകുപ്പ് മുൻ മെമ്പർ സെക്രട്ടറി അശുതോഷ് ദാസാണ് വിദഗ്ധ സമിതിയിൽ കേരളത്തെ പ്രതിനിധീകരിക്കുന്നത്.
ഡാമിൽ തുടർപരിശോധനകൾ ആവശ്യമുണ്ടോയെന്ന കാര്യം ഇരുസംസ്ഥാനങ്ങളിലെയും ഉദ്യോഗസ്ഥരുമായുള്ള ചർച്ചയ്ക്ക് ശേഷം തീരുമാനിക്കുമെന്ന് സമിതി അധ്യക്ഷൻ ബൽരാജ് ജോഷി വ്യക്തമാക്കി. സുരക്ഷയുമായി ബന്ധപ്പെട്ട മുഴുവൻ ഘടകങ്ങളും വിശദമായി വിലയിരുത്തിയ ശേഷം 15 ദിവസത്തിനകം ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് റിപ്പോർട്ട് കൈമാറുമെന്നും അദ്ദേഹം അറിയിച്ചു.