Image

യുഎസ് ഇറാനിൽ വീണ്ടും കനത്ത ആക്രമണം നടത്തി; ഐ ആർ ജി സി തിരിച്ചടിച്ചു (പിപിഎം)

Published on 02 September, 2026
യുഎസ് ഇറാനിൽ വീണ്ടും കനത്ത ആക്രമണം നടത്തി;  ഐ ആർ ജി സി  തിരിച്ചടിച്ചു (പിപിഎം)

ഇറാൻ വിപ്ലവ സേന ഐ ആർ ജി സി ഹോർമുസ് കടലിടുക്കിൽ കപ്പലുകൾ തടയുന്നു എന്നാരോപിച്ചു യുഎസ് സേന അവർക്കു നേരെ ചൊവാഴ്ച്ച കനത്ത ആക്രമണം നടത്തി. ഇറാന്റെ രണ്ടു എണ്ണക്കപ്പലുകൾക്കു നേരെയും ആക്രമണം ഉണ്ടായി.

വടക്കൻ ഇറാനിലെ സിറിക്കിൽ വിവാഹ ചടങ്ങുകൾ നടക്കുന്ന ഒരു വീട്ടിൽ യുഎസ് മിസൈലുകൾ പതിച്ചു ഒരു കുട്ടി ഉൾപ്പെടെ നാലു പേർ മരിച്ചു.

യുഎസ് ആക്രമണങ്ങൾക്കു മറുപടിയായി ഐ ആർ ജി സി ജോർദാൻ,  ബഹ്‌റൈൻ, കുവൈറ്റ്, ഇറാഖ് എന്നിവിടങ്ങളിൽ യുഎസ് താവളങ്ങൾ ആക്രമിച്ചു.

യുദ്ധം വീണ്ടും ആരംഭിച്ചപ്പോൾ അത് മിഡിൽ ഈസ്റ്റ് മേഖലയിൽ കൂടുതൽ വ്യാപകമാവുന്നു എന്നാണ് കാണുന്നത്.

ബന്ദർ അബ്ബാസ്, ഘാഷം ഐലൻഡ്, കൊണാറക്, ചബാർ എന്നിവിടങ്ങളിൽ പൊട്ടിത്തെറികൾ കേട്ടതായി ഇറാൻ മാധ്യമങ്ങൾ അറിയിച്ചു.  

ഇറാൻ എണ്ണക്കപ്പലുകൾ  ആക്രമിച്ചാൽ അതേ നാണയത്തിൽ തിരിച്ചടിക്കുക എന്ന പ്രസിഡന്റ് ട്രംപിന്റെ പുതിയ നയമാണ് ചൊവാഴ്ച്ച യുഎസ് സേന നടപ്പാക്കിയതെന്നു 'ആക്‌സിയോസ്' പറഞ്ഞു. ഇറാൻ സർക്കാർ വക രണ്ടു ടാങ്കറുകളാണ് തകർത്തത്.

യുഎസിനു മറക്കാൻ കഴിയാത്ത വേദന ഇറാൻ സമ്മാനിക്കുമെന്നു സിവിലിയന്മാരെ കൊലപ്പെടുത്തിയ യുഎസ് ആക്രമണത്തിനു ശേഷം പരമാധികാരി ആയത്തൊള്ള മുജ്തബ ഖമേനായി താക്കീതു നൽകി.

ഇറാനുമായി ചർച്ചയില്ല

ഇറാനെ വീണ്ടും ചർച്ചയ്ക്കു എത്തിക്കാൻ യുഎസ് സമ്മർദം ചെലുത്തുകയാണെന്ന റിപ്പോർട്ടുകൾ ട്രംപ് തള്ളി. ഇറാൻ കരാർ ഒപ്പിടണമെന്നു യാതൊരു നിർബന്ധവും തനിക്കില്ലെന്നു ട്രംപ് ട്രൂത് സോഷ്യലിൽ കുറിച്ചു. "അവർ അനിവാര്യമായ ദുരന്തത്തിലേക്കാണ് നീങ്ങുന്നത്. ഹോർമുസ് പൂർണമായും നമ്മുടെ കൈയിലാണ്. അവരുടെ കൈയ്യിൽ പണം അശേഷമില്ല. എന്നാണ് ഇറാൻ ജനത കപാലത്തിനു ഇറങ്ങുന്നതെന്നു കാത്തിരുന്നു കാണുക."

ഏറ്റവും വലിയ ആക്രമണം വരാൻ പോകുന്നതേയുള്ളുവെന്നു ട്രംപ് താക്കീതു നൽകി. "ആ രാജ്യം തുടച്ചു നീക്കപ്പെടും. യുഎസ്എസ് ജോർജ് വാഷിംഗ്ടൺ നിറയെ ആയുധങ്ങളുമായാണ് അവിടെ എത്തിയിട്ടുള്ളത്."

US attacks Iran again, IRGC hits US bases  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക