
ഡാലസ് : ഒരു ഡാലസ് കോടതി മുറിയിൽ ഒരു മാസം പോലും പ്രായമായിട്ടില്ലാത്ത ഒരു കുഞ്ഞിന്റെ അവകാശത്തിനു വേണ്ടി കാലിഫോണിയക്കാരായ ദമ്പതികളും കുഞ്ഞിനെ ഉദരത്തിൽ വഹിച്ച സറോഗേറ്റ് മാതാവ്, അലാസ്കകാരിയായ കെന്ന വെസ്റ്റും കാത്തിരുന്ന് തങ്ങളുടെ മൊഴികൾ നൽകി.
കുഞ്ഞിന്റെ ബയോളോജിക്കൽ മാതാ പിതാക്കളായ നൗഷീൻ ദിൽകറും ഒമർ അഹമ്മദും ഏഴു തവണ ഐ വി എഫ് പ്രക്രിയയിലൂടെ ഒരു കുഞ്ഞു ഉണ്ടാകാൻ വേണ്ടി ശ്രമിച്ചു പരാജയപെട്ടതിനു ശേഷമാണ് ഒരു സറോഗേറ്റ് അമ്മക്ക് വേണ്ടി ശ്രമിച്ചത്. ഒരു സറോഗസി അഗ്രിമെന്റിൽ കെന്ന വെസ്റ്റും നൗഷീനും ഒമർ അഹമ്മദും ഒപ്പു വച്ചു.
വെസ്റ്റിന്റെ ഉദരത്തിൽ വളർന്ന കുഞ്ഞിന് 20 ആഴ്ച പ്രായമായപ്പോഴാണ് ഗുരുതരമായ ഹൃദയ സംബന്ധമായ അസുഖം (ഹൈപോപ്ളാസ്റ്റിക് ലെഫ്ട് ഹാർട്ട് സിൻഡ്രോം - എച് എൽ എച് എസ് ) ഉണ്ടെന്നു കണ്ടെത്തിയത്. നൗഷീനും ഒമർ അഹമ്മദും ഗർഭം അലസിപ്പിക്കുവാൻ വെസ്റ്റിനോട് ആവശ്യപ്പെട്ടു.
എന്നാൽ വെസ്റ്റ് അതിനു തയാറായില്ല. കുഞ്ഞിനെ ഉദരത്തിൽ വളർത്തി വെസ്റ്റ് ടെക്സസിലേക്ക് യാത്ര ചെയ്തു. ഡാലസിലെ ഒരു ചിൽഡ്രൺസ് ഹോസ്പിറ്റലിൽ ഓഗസ്റ്റ് 12 നു കുഞ്ഞു പിറന്നു. കുഞ്ഞിന് പകരക്കാരി അമ്മ ഗബ്രിയേൽ എന്ന് പേരിട്ടു. നൗഷീനും അഹമ്മദും കുഞ്ഞിന് റൂമി എന്നും പേരിട്ടു. നൗഷീനും അഹമ്മദിനും കുഞ്ഞിനെ കാണാൻ അനുവാദം കോടതി നൽകിയിട്ടില്ല. പക്ഷെ കുഞ്ഞിന് വേണ്ട പരിചരണം ഉറപ്പാക്കുവാൻ അവർ ശ്രമിക്കുന്നുണ്ട്. കുഞ്ഞിന് ഒരു ശസ്ത്രക്രിയ വേണ്ടി വന്നപ്പോൾ അത് ചെയ്യിച്ചു. ഇനിയും രണ്ടു സർജറികൾ കൂടി ആവശ്യമാണെന്ന് ഡോക്ടർമാർ പറഞ്ഞു.
വികാരഭരിതമായ അനവധി രംഗങ്ങൾ സൃഷ്ടിച്ചാണ് നൗഷീൻ തന്റെ മൊഴി നൽകിയത്. പല തവണ വിതുമ്പുകയും ചിലപ്പോഴൊക്കെ പൊട്ടിക്കരയുകയും ചെയ്തു. മൊഴി നൽകുന്ന വേളയിൽ ഏറെ സമയവും വെസ്റ്റ് നിർവികാര ആയിട്ടാണ് കാണപ്പെട്ടത്. വളരെ വിവാദം സൃഷ്‌ടിച്ച കേസ് യു എസ് ഒട്ടാകെ ചർച്ചാവിഷയം ആയിട്ടുണ്ട്. ഇത്തരം ഒരു കേസ് ആദ്യമായിട്ടാണ് കോടതിയിൽ എത്തുന്നത്.
ഇതിനിടയിൽ കേസിനു ഒരു രാഷ്ട്രീയ മാനവും കൈവന്നു. ടെക്സസ് ഗർഭം അലസിപ്പിക്കൽ വളരെ അസാധാരണമായ സാഹചര്യത്തിൽ ഒഴികെ അനുവദിക്കുന്നില്ല. ടെക്സസ് അറ്റോർണി ജനറൽ കെൻ പാക്സ്റ്റൻ ടെക്സസ് നിയമം ഉദ്ധരിച്ചു കേസിനെ കുറിച്ച് അഭിപ്രായം പറയാറുണ്ട്. നൗഷീനിന്റെ മൊഴി പ്രകാരം യാഥാസ്തിക ക്രിസ്ത്യൻ അഡ്വക്കസി ഗ്രൂപ്പ്, അലൈൻസ് ഡിഫെൻഡിങ് ഫ്രീഡം ആണ് അവരുടെ ലീഗൽ ഫീസ് വഹിക്കുന്നത്.
കേസിന്റെ വിധിക്കായി കക്ഷികൾക്കൊപ്പം നിയമ വിദഗ്ദ്ധരും കാത്തിരിക്കുകയാണ്. കുഞ്ഞിനെ ഉദരത്തിൽ വഹിച്ച വെസ്റ്റിനാണോ ബയോളോജിക്കൽ മാതാ പിതാക്കൾക്കാണോ കൈവശാവകാശം ലഭിക്കുക എന്ന് കാത്തിരുന്ന് കാണാം. ഒരു പക്ഷെ വെസ്റ്റ് ഒരു നഷ്ട പരിഹാര തുക വാങ്ങി കുഞ്ഞിന് മേലുള്ള അവകാശം വേണ്ടെന്നു വച്ചേക്കാം എന്നും നിയമ വിദഗ്ധർ പറയുന്നു.