
തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ ഉപനേതൃ പദവി സംബന്ധിച്ച് സിപിഎം- സിപിഐ തർക്കം തുടരുന്നതിൽ ഘടകകക്ഷികളടക്കം അതൃപ്തിയറിയിച്ചതിനു പിന്നാലെയും സിപിഎമ്മുമായി തുടരുന്ന തർക്കത്തിൽ പിന്നോട്ടില്ലെന്ന സൂചനയുമായി സിപിഐ.
ഇടതുകക്ഷികൾ തമ്മിൽ അടിമ - ഉടമ ബന്ധമല്ലെന്നും സിപിഐയുടെ ശക്തി ആരെയും ബോധ്യപ്പെടുത്തേണ്ടതില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കുമ്പോൾ, വിട്ടുവീഴ്ചകളൊന്നുമുണ്ടാകില്ലെന്ന ശക്തമായ നിലപാടാണ് പറഞ്ഞുവയ്ക്കുന്നത്. സിപിഎം കേന്ദ്ര നേതൃത്വത്തിന്‍റെ രാഷ്ട്രീയ ബോധ്യത്തിൽ വിശ്വാസമുണ്ടെന്ന് ബിനോയ് വിശ്വം പറയുമ്പോൾ സംസ്ഥാന നേതൃത്വത്തോടുള്ള കടുത്ത അതൃപ്തിയാണ് വ്യക്തമാകുന്നതെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.
അതേസമയം, മുന്നണിയിലെ പ്രധാന കക്ഷികൾ തമ്മിലുള്ള പരസ്യ പോരിൽ മറ്റു ഘടക കക്ഷിക്കിടയിൽ അമർഷം പുകയുകയാണ്. പൊതുവേദിയിൽ ചർച്ചയ്ക്കു വയ്ക്കാതെ പ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്ന് കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി ആവശ്യപ്പെട്ടിട്ടുണ്ട്. ആർജെഡിക്കും അതൃപ്തിയുണ്ട്.