Image

ലയണല്‍ മെസി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു

Published on 31 August, 2026
ലയണല്‍ മെസി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ചു

റൊസാരിയോ: അർജിന്‍റീന സൂപ്പർ താരം ലയണൽ മെസി രാജ്യാന്തര ഫുട്ബോളിൽ നിന്ന് ഔദ്യോഗിക വിരമിക്കൽ പ്രഖ്യാപിച്ചു. 21 വർഷം നീണ്ട പ്രൊഫഷണൽ കരിയറിനൊടുവിലാണ് താരത്തിന്‍റെ വിടവാങ്ങൽ. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച വികാരനിർഭരമായ കുറിപ്പിലൂടെയാണ് താരം തന്‍റെ തീരുമാനം ലോകത്തെ അറിയിച്ചത്.

ലോകകപ്പ് ഫൈനൽ കഴിഞ്ഞ് രണ്ടാം നാൾ താൻ​ ഈ തീരുമാനം എടുത്തിരുന്നതായും പിതാവ് ഹോർഹെയുടെ മരണത്തിന് ശേഷമാണ് ഇത് പരസ്യമാക്കുന്നതെന്നും മെസി ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ പങ്കുവെച്ചു.

"ഹൃദയം പറിഞ്ഞുപോരുന്ന വേദനയോടെയാണ് ഈ തീരുമാനമെടുക്കുന്നത്. എന്നാൽ മടങ്ങാനുള്ള സമയം ഇതാണെന്ന് ഞാൻ മനസിലാക്കുന്നു.

ഫൈനലിന് ശേഷമുള്ള ഈ ദിവസങ്ങളിൽ ഒരുപാട് ആലോചിച്ച ശേഷം, ദേശീയ ടീമിൽ (അർജന്റീന) നിന്ന് വിരമിക്കുകയാണെന്ന കാര്യം നിങ്ങളെയെല്ലാം അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു...

ആത്മാവിനെ വേദനിപ്പിച്ച, ഇപ്പോഴും വേദനിപ്പിക്കുന്ന ഒരു തീരുമാനമായിരുന്നു ഇത്. എന്നാൽ ഇതാണ് ശരിയായ സമയമെന്ന് ഞാൻ മനസ്സിലാക്കുന്നു. ഞാൻ എപ്പോഴും എന്റെ സർവ്വസ്വവും നൽകിയിട്ടുണ്ടെന്ന് സത്യം ചെയ്യുന്നു. എല്ലാം ജയിച്ച അവസാന ഏതാനും വർഷങ്ങളിൽ മാത്രമല്ല, അതിനുമുമ്പും. ഫുട്ബോളിലൂടെ നിങ്ങൾക്ക് സന്തോഷം നൽകുന്നതിനും അർജന്റീനക്കാരായതിൽ നിങ്ങളെ അഭിമാനം കൊള്ളിക്കുന്നതിനും വേണ്ടി ഈ ജേഴ്സിക്കായി ഞാൻ എപ്പോഴും പോരാടുകയും എന്റെ എല്ലാ കഴിവുകളും സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ഇനി അധികമൊന്നുമില്ല, ഘട്ടങ്ങൾ ഓരോന്നായി അവസാനിക്കുകയാണ്. എന്നെ ഏറെ വേദനിപ്പിക്കുന്ന ഒന്നാണിത്. ദേശീയ ടീമിലുണ്ടാവുക എന്നത് ഞാൻ എപ്പോഴും സ്നേഹിക്കുന്നു, സ്നേഹിച്ചിരുന്നു, സ്നേഹിക്കുകയും ചെയ്യും. എന്റെ ഉള്ളിലുള്ളതെല്ലാം ഞാൻ നൽകിക്കഴിഞ്ഞു, ഇനി നൽകാൻ ഒന്നുമില്ല. കൂടാതെ, ഇവിടെ ആയിരിക്കാൻ അർഹതയുള്ള പ്രതിഭകളായ നിരവധി യുവതാരങ്ങൾ പിന്നാലെ വരുന്നുമുണ്ട്.

കഴിഞ്ഞ 20 വർഷമായി നൽകിയ എല്ലാ സ്നേഹത്തിനും നന്ദി. കളിക്കളത്തിൽ നിന്ന് നിങ്ങളുടെ സ്വരം കേൾക്കുന്നത് ഞാൻ ഒരുപാട് മിസ്സ് ചെയ്യും. ഇനി മുതൽ വിദേശത്തുനിന്ന് (നല്ല സമയത്തും മോശം സമയത്തും, പ്രത്യേകിച്ച് മോശം സമയങ്ങളിൽ) എപ്പോഴും പിന്തുണയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നിങ്ങളിലൊരാളായി ഞാൻ ഉണ്ടാകും.

എപ്പോഴും കൂടെയുണ്ടായിരുന്നതിനും, മനോഹരവും എന്നാൽ പ്രയാസകരവുമായ ഈ യാത്രയിൽ എന്നെ പിന്തുണച്ചതിനും എന്റെ കുടുംബത്തിന് നന്ദി. എനിക്കൊപ്പം പ്രവർത്തിക്കാൻ അവസരം ലഭിച്ച ഓരോ പരിശീലകർക്കും, സഹതാരങ്ങൾക്കും, മാനേജ്‌മെന്റ് അംഗങ്ങൾക്കും നന്ദി. ഒരിക്കലും മറക്കാനാവാത്ത ഓർമ്മകളും നിമിഷങ്ങളുമാണ് ഞാൻ കൂടെ കൊണ്ടുപോകുന്നത്.

എന്റെ സഹതാരങ്ങൾക്കൊപ്പം ചേർന്ന് നിങ്ങൾക്ക് സ്വപ്നതുല്യമായ നിമിഷങ്ങൾ സമ്മാനിക്കാൻ കഴിഞ്ഞതിന്റെ സമാധാനത്തിലും അഭിമാനത്തിലുമാണ് ഞാൻ പടിയിറങ്ങുന്നത്. നിങ്ങളോടൊപ്പം ഇത് ജീവിച്ചുതീർത്തത് ഒരു വല്ലാത്ത അനുഭവമായിരുന്നു. ഐ ലവ് യൂ!

എന്നെ ഒരു അർജന്റീനക്കാരനാക്കിയതിന് ദൈവത്തിന് നന്ദി.

വാമോസ് അർജന്റീന!

(ഫൈനൽ കഴിഞ്ഞ് രണ്ടു ദിവസത്തിന് ശേഷം, ജൂലൈ 21-നാണ് ഞാൻ ഈ വാക്കുകൾ എഴുതിയത്. എന്റെ പിതാവിന്റെ മരണത്തിനു ശേഷം, മുൻപെങ്ങത്തേക്കാളും ഞാൻ ഈ തീരുമാനത്തിൽ ഉറച്ചുനിൽക്കുന്നു?

207 മത്സരങ്ങൾ, 125 ഗോളുകൾ, ലോകകപ്പ് ഉൾപ്പെടെ നാല് പ്രധാന രാജ്യാന്തര കിരീടങ്ങൾ… അർജന്റീന ജേഴ്സിയിൽ ലയണൽ മെസ്സി സ്വന്തമാക്കിയ നേട്ടങ്ങളുടെ പട്ടിക ചെറുതല്ല. എന്നാൽ ഇനി ആ ജേഴ്സിയിൽ മെസ്സിയെ കാണാനാകില്ല.

2005 ഓഗസ്റ്റ് 17ന് ഹംഗറിക്കെതിരായ മത്സരത്തിലൂടെയായിരുന്നു മെസ്സിയുടെ രാജ്യാന്തര അരങ്ങേറ്റം. പിന്നീട് രണ്ട് പതിറ്റാണ്ട് അർജന്റീനയ്ക്കായി കളിച്ച മെസ്സി വിജയങ്ങളും നിരാശകളും ഒരുപോലെ നേരിട്ടു. 

2022ൽ ഖത്തറിൽ ഫിഫ ലോകകപ്പ് കിരീടം ഉയർത്തിയത് കരിയറിലെ ഏറ്റവും വലിയ നേട്ടമായി. 2021, 2024 വർഷങ്ങളിൽ കോപ അമേരിക്കയും 2022ൽ ഫൈനലിസിമയും സ്വന്തമാക്കി. 2008ലെ ബീജിംഗ് ഒളിമ്പിക്സിൽ അർജന്റീനയ്ക്കൊപ്പം സ്വർണ മെഡലും നേടി.

അർജന്റീനയ്ക്കായി 207 മത്സരങ്ങളിൽ നിന്ന് 125 ഗോളുകളാണ് മെസ്സിയുടെ പേരിലുള്ളത്. അസിസ്റ്റുകളുടെ ഔദ്യോഗിക കണക്ക് 65 ആണ്. തെക്കേ അമേരിക്കൻ രാജ്യങ്ങൾക്കായി ഏറ്റവും കൂടുതൽ രാജ്യാന്തര ഗോളുകൾ നേടിയ താരമെന്ന റെക്കോർഡും മെസ്സിക്കാണ്. ലോകകപ്പിൽ ഒരു കിരീടത്തിനൊപ്പം 2014ലും 2026ലും റണ്ണറപ്പ് സ്ഥാനവും മെസ്സിയുടെ കരിയറിലുണ്ട്.

 അർജന്റീന ജേഴ്സിയിൽ രണ്ട് പതിറ്റാണ്ട് നീണ്ട യാത്ര അവസാനിക്കുമ്പോൾ, ലോകകപ്പ് ഉൾപ്പെടെയുള്ള കിരീടങ്ങളും നിരവധി റെക്കോർഡുകളും സ്വന്തമാക്കിയാണ്  മെസ്സി രാജ്യാന്തര ഫുട്ബോളിലെ തന്റെ അധ്യായത്തിന് തിരശ്ശീലയിടുന്നത്.

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക