Image

ഭരണഘടനാപരമായ തുല്യത റദ്ദാക്കാൻ ആർക്കും ലൈസൻസില്ല: സ്ത്രീകൾ പൊതുവേദിയിൽ ഇറങ്ങരുതെന്ന പ്രസ്‌താവനയിൽ കാന്തപുരത്തിനെതിരെ റോജി എം ജോൺ

Published on 31 August, 2026
ഭരണഘടനാപരമായ തുല്യത റദ്ദാക്കാൻ ആർക്കും ലൈസൻസില്ല: സ്ത്രീകൾ പൊതുവേദിയിൽ ഇറങ്ങരുതെന്ന പ്രസ്‌താവനയിൽ  കാന്തപുരത്തിനെതിരെ റോജി എം ജോൺ

തിരുവനന്തപുരം: സ്ത്രീകൾ പൊതുവേദിയിൽ ഇറങ്ങരുതെന്ന് കാന്തപുരത്തിൻ്റെ പ്രസ്‌താവനയെ രൂക്ഷമായി വിമര്‍ശിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ. സ്ത്രീകളെ വേദിയിൽ നിന്ന് അടുക്കളയിലേക്ക് തിരിച്ചയയ്ക്കുക എന്ന പിന്തിരിപ്പൻ ആശയം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ആവർത്തിക്കുന്നത് നിർഭാഗ്യകരമാണെന്ന് റോജി പറഞ്ഞു.

മാറുമറയ്ക്കാനുള്ള അവകാശത്തിനായി ഉജ്ജ്വല പോരാട്ടം നടന്ന നാടാണ് കേരളമെന്നും റോജി ചൂണ്ടിക്കാട്ടി. രാജ്യം നിലനിൽക്കുന്നത് ഭരണഘടനാപരമായ തുല്യനീതിയിലാണ്. ഭരണഘടന ഉറപ്പ് നൽകുന്ന അവകാശങ്ങൾ സ്ത്രീകൾക്ക് കൂടിയുള്ളതാണ്. ചരിത്രത്തിന്‍റെ ചക്രത്തെ പിന്നോട്ട് തിരിക്കാൻ ശ്രമിക്കുന്നവരെ കാലം തിരിച്ചറിയുമെന്നും റോജി ഫേസ്ബുക്കിൽ കുറിച്ചു. "സ്ലാഷ് ദി പേട്രിയർക്കി" (പുരുഷാധിപത്യം തകർക്കുക) എന്ന ടാഗ്‌ലൈനോടെയാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിച്ചത്.

സ്ത്രീകൾ ഒറ്റരാത്രികൊണ്ട് വീടുകളിൽ നിന്ന് പൊതുജീവിതത്തിലേക്ക് മാറിയില്ലെന്നും, നൂറ്റാണ്ടുകളുടെ പോരാട്ടങ്ങൾക്കും ത്യാഗങ്ങൾക്കും ശേഷം മുഖ്യധാരയിലേക്ക് എത്തിയെന്നും റോജി പറഞ്ഞു. സ്ത്രീകൾ പൊതുരംഗത്തേക്ക് ഇറങ്ങിയാൽ അത് വലിയ നാശത്തിന് കാരണമാകുമെന്നും ആ അപകടം ഒഴിവാക്കാനാണ് ഇസ്‌ലാം മതം പർദ സമ്പ്രദായം നിശ്ചയിച്ചതെന്നും കാന്തപുരം എ.പി. അബൂബക്കർ മുസലിയാറൻ്റെ പ്രസ്‌താവനയോടാണ് റോജിയുടെ പ്രതികരണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക