
അനധികൃത ചൂതാട്ടത്തിൽ ഒരു മില്യൺ ഡോളറോളം സ്വന്തമാക്കിയ ന്യൂ ജേഴ്‌സി പ്രോസ്പെക്ട് പാർക്ക് കൗൺസിൽ അംഗമായ ഇന്ത്യൻ അമേരിക്കൻ ആനന്ദ് ഷായെ (44) പൊതു ചുമതലകൾ വഹിക്കുന്നതിൽ നിന്നു 10 വർഷത്തേക്കു വിലക്കി.
ലുച്ചേസ് ക്രൈം കുടുംബവുമായി ബന്ധപ്പെട്ടാണ് കുറ്റകൃത്യം നടന്നത്. കുറ്റകൃത്യങ്ങളിലൂടെ നേടിയ പണത്തിൽ നല്ലൊരു ഭാഗം രാഷ്ട്രീയ ആവശ്യങ്ങൾക്കും ഉപയോഗിച്ചെന്നാണ് കണ്ടെത്തൽ.
കുറ്റം സമ്മതിച്ച ഷായ്ക്ക് ഡിസംബറിൽ കോടതി ശിക്ഷവിധിക്കും. 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാമെന്നു ന്യൂ ജേഴ്‌സി അറ്റോണി ജനറൽ ജെന്നിഫർ ഡാവൻപോർട് അറിയിച്ചു.
സംസ്ഥാനത്തെ റെസ്റ്റോറന്റുകളിൽ സജീവമായിരുന്ന ഗാംബ്‌ളിംഗ് സംഘത്തിൽ സ്പോർട്സ് ബുക്ക് ഏജന്റും പോക്കർ മാനേജറും ആയിരുന്നു ഷാ. സംഘം മോറിസ്, പാസായിക്, ബെർഗെൻ കൗണ്ടികളിൽ ആയിരുന്നു 2017-2023 കാലത്തു കേന്ദ്രീകരിച്ചിരുന്നത്.
കൗൺസിൽ അംഗമായിരിക്കെ തന്നെ കുറ്റവാളി സംഘങ്ങളുടെ ഒപ്പം നിന്നു പ്രവർത്തിച്ച ഷായ്ക്ക് എതിരെ അധികാര ദുർവിനിയോഗ കുറ്റവും ചുമത്തിയിട്ടുണ്ട്. സാമ്പത്തിക വികസന-ഇൻഷുറൻസ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന അംഗമായിരുന്ന അദ്ദേഹം നേടിയ ലാഭം $900,084 ആയിരുന്നു.
"പൊതു ചുമതലകൾ വഹിക്കുന്നവർക്കു നിയമം പാലിക്കാൻ പ്രത്യേക ഉത്തരവാദിത്തമുണ്ട്," ഡാവൻപോർട്ട് പറഞ്ഞു. "പ്രതി നിയമം ലംഘിച്ചു എന്നു മാത്രമല്ല, ആ പണം സ്വന്തം രാഷ്ട്രീയ ആവശ്യത്തിന് ഉപയോഗിക്കയും ചെയ്തു. ആരും നിയമത്തിനു അതീതരല്ലെന്നു അദ്ദേഹത്തിന്റെ കുറ്റസമമതം തെളിയിക്കുന്നു."
ഗാംബ്‌ളിംഗ് മേൽനോട്ടം വഹിച്ച ലുച്ചേസ് കുടുംബവുമായി ബന്ധമുള്ള 42 പേരെ പോലീസ് പൊക്കിയിരുന്നു. 2025ൽ അവരുമായി ബന്ധപ്പെട്ട നാലു പോക്കർ ക്ളബ്ബുകൾ റെയ്ഡ് ചെയ്തു. 38 പേർ കുറ്റം സമ്മതിച്ചിട്ടുണ്ട്.
New Jersy politician Shah banned after guilty plea