
തിരുവനന്തപുരം: ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിലെ ജയന്തി ആഘോഷത്തിൽ പങ്കെടുക്കാൻ പോകുകയായിരുന്ന മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞുനിർത്തി അവഹേളിച്ചെന്ന കേസിൽ പ്രതിയായ മുൻ ഡി സി സി അംഗം ചേന്തി അനിലിനെ (അനിൽ കുമാർ) ചൊവ്വാഴ്‌ച രാവിലെ 11 ന് നേരിട്ട് ഹാജരാക്കാൻ തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് (ഒന്ന്) കോടതി ജയിൽ സൂപ്രണ്ടിന് നിർദ്ദേശം നൽകി. പ്രോസിക്യൂൻ്റെയും പൊലീസിൻ്റെയും അപേക്ഷ മാനിച്ചാണ് കോടതി നടപടി.
പ്രതിയെ കസ്റ്റഡിയിൽ വേണമെന്ന പൊലീസിൻ്റെ അപേക്ഷ ലഭിച്ചാൽ വാദം കേട്ട ശേഷമേ ജാമ്യാപേക്ഷയിൽ അന്തിമ തീരുമാനമെടുക്കൂ എന്നും കോടതി വ്യക്തമാക്കി.
ശ്രീകാര്യം ചേന്തിയിൽ വച്ച് ചേന്തി അനിലിൻ്റെ നേതൃത്വത്തിൽ ഒരു സംഘം ആളുകൾ മുഖ്യമന്ത്രി സഞ്ചരിച്ചിരുന്ന വാഹനം തടയുകയും കയർത്തു സംസാരിക്കുകയും ചെയ്തെന്നാണ് കേസ്. കേസിൽ ക്രിമിനൽ ഗൂഢാലോചന വകുപ്പ് കൂടി കൂട്ടിച്ചേർത്ത പുതിയ റിപ്പോർട്ട് ശ്രീകാര്യം പൊലീസ് കോടതിയിൽ സമർപ്പിച്ചു. തിങ്കളാഴ്‌ച കേസ് പരിഗണിച്ചപ്പോൾ പ്രോസിക്യൂഷന് വേണ്ടി പുതിയ അസിസ്റ്റൻ്റ് പബ്ലിക് പ്രോസിക്യൂട്ടറാണ് (എ പി പി) ഹാജരായത്.
ശ്രീകാര്യത്തെ ശ്രീനാരായണ സാംസ്‌കാരിക കേന്ദ്രത്തിലെ ചതയദിനാഘോഷത്തിൽ പങ്കെടുക്കാതെ മുഖ്യമന്ത്രി അടുത്ത പരിപാടിയായ ചെമ്പഴന്തിയിലേക്ക് നേരിട്ട് പോയതാണ് പ്രകോപനത്തിന് കാരണമായത്. മുൻകൂട്ടി നിശ്ചയിച്ച ഈ പരിപാടി ഉപേക്ഷിച്ചതിൽ പ്രതിഷേധിച്ച് ചേന്തി അനിലിൻ്റെ നേതൃത്വത്തിൽ പ്രവർത്തകർ വാഹനം തടയുകയായിരുന്നു. എന്നാൽ, ചെമ്പഴന്തിയിലേക്കുള്ള മുഖ്യമന്ത്രിയുടെ ഔദ്യോഗിക യാത്രാ തടസപ്പെടുത്തിയെന്ന് ശ്രീകാര്യം പൊലീസിൻ്റെ റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
മുഖ്യമന്ത്രിയോട് അനാദരവോടെ പെരുമാറുകയും ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയും ചെയ്‌തതിനെ തുടർന്ന് സംഭവ ദിവസം അർദ്ധരാത്രിയോടെയാണ് ശ്രീകാര്യം പൊലീസ് അനിലിനെ കസ്റ്റഡിയിലെടുത്തതും പിന്നീട് അറസ്റ്റ് രേഖപ്പെടുത്തിയതും. പാർട്ടിക്കും നേതൃത്വത്തിനും വിരുദ്ധമായ ഗുരുതര അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി കെ പി സി സി നിർദ്ദേശപ്രകാരം ഡി സി സി പ്രസിഡൻ് എൻ ശക്തൻ ചേന്തി അനിലിനെ കോൺഗ്രസിൻ്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കുകയും ചെയ്‌തു.