
തിരുവനന്തപുരം; തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കട്ടിലില്‍ നിന്നും വീണ് പരിക്കേറ്റ് രോഗി മരിച്ച സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്കെതിരെ പരാതിയുമായി കുടുംബം. പക്ഷാഘാതത്തിന് ചികിത്സ തേടിയ ചടയമംഗലം സ്വദേശി സുകുമാരപിള്ളയാണ് മരിച്ചത്. സുകുമാരപിള്ളയ്ക്ക് കട്ടിലില്‍ നിന്ന് വീണ് പരിക്കേറ്റ ശേഷം നല്‍കിയ ചികിത്സയില്‍ വീഴ്ചയുണ്ടായെന്നാണ് കുടുംബത്തിന്റെ ആരോപണം.
ഐസിയുവിലേക്ക് മാറ്റുന്നതുള്‍പ്പടെയുള്ള നടപടിയുണ്ടായില്ലെന്ന് സുകുമാരപിള്ളയുടെ മകള്‍ പറഞ്ഞു. ആഗസ്റ്റ് 26നാണ് ചടയമംഗലം സ്വദേശിയായ സുകുമാരപിള്ളയെ പക്ഷാഘാതത്തെ തുടര്‍ന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. അവിടെ വച്ച് വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.
ചികിത്സയില്‍ കാര്യമായ പുരോഗതിയുണ്ടായിരിക്കെ 29ാം തീയതി ഇയാള്‍ കട്ടിലില്‍ നിന്ന് വീണ് പരിക്കേറ്റു. മുഖത്തും തലയിലും തുന്നലുകള്‍ ഇടേണ്ടി വന്നു. എന്നാല്‍ വീണ് പരിക്കേറ്റ ശേഷവും ഐസിയുവിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ തയ്യാറായില്ലെന്നാണ് കുടുംബം പറയുന്നത്.