Image

വന്യജീവി ആക്രമണങ്ങൾക്ക് ന്യായമായ നഷ്ടപരിഹാരം നൽകാൻ സർക്കാർ ബാധ്യസ്ഥർ: മനുഷ്യജീവന്റെ വിലയെ ചട്ടങ്ങളിലെ തുച്ഛമായ തുകയിലേക്ക് ചുരുക്കിക്കാണുന്നത് നീതീകരിക്കാനാകില്ല; ഹൈക്കോടതി

Published on 31 August, 2026
വന്യജീവി ആക്രമണങ്ങൾക്ക് ന്യായമായ നഷ്ടപരിഹാരം നൽകാൻ സർക്കാർ ബാധ്യസ്ഥർ: മനുഷ്യജീവന്റെ വിലയെ ചട്ടങ്ങളിലെ തുച്ഛമായ തുകയിലേക്ക് ചുരുക്കിക്കാണുന്നത് നീതീകരിക്കാനാകില്ല; ഹൈക്കോടതി

കൊച്ചി: വന്യജീവി ആക്രമണങ്ങൾക്ക് ഇരയാകുന്നവർക്കും അവരുടെ ആശ്രിതർക്കും അർഹമായതും ന്യായവുമായ നഷ്ടപരിഹാരം നൽകാൻ സർക്കാരിന് നിയമപരമായ ബാധ്യതയുണ്ടെന്ന് ഹൈക്കോടതി. 1980-ലെ സർക്കാർ ചട്ടങ്ങൾ പ്രകാരം നിശ്ചയിച്ചിട്ടുള്ള 20,000 രൂപയിൽ മാത്രം നഷ്ടപരിഹാരത്തുക ഒതുക്കി നിർത്താൻ കഴിയില്ലെന്ന് ജസ്റ്റിസ് സിപി മുഹമ്മദ് നിയാസ് ഉത്തരവിട്ടു. കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചയാളുടെ കുടുംബത്തിന് കീഴ്ക്കോടതികൾ അനുവദിച്ച നഷ്ടപരിഹാരത്തിനെതിരെ വനംവകുപ്പ് ഉദ്യോഗസ്ഥർ സമർപ്പിച്ച അപ്പീൽ തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം.

ഭരണഘടനയുടെ അനുച്ഛേദം 21 ഉറപ്പുനൽകുന്ന ജീവിക്കാനുള്ള മൗലികാവകാശത്തിൽ അധിഷ്ഠിതമാണ് നഷ്ടപരിഹാരത്തിനുള്ള അവകാശമെന്ന് കോടതി ചൂണ്ടിക്കാട്ടി. 1980-ലെ ചട്ടങ്ങളിൽ പറയുന്ന തുക സർക്കാർ നൽകുന്ന പ്രാഥമിക ആശ്വാസ തുക മാത്രമാണ്. ഒരു വ്യക്തിക്കുണ്ടാകുന്ന നഷ്ടത്തിനും വേദനയ്ക്കും ആനുപാതികമായി ഉചിതമായ തുക നിർണ്ണയിക്കാനും വർദ്ധിപ്പിക്കാനുമുള്ള കോടതികളുടെ അധികാരത്തെ ഈ ചട്ടങ്ങൾക്ക് പരിമിതപ്പെടുത്താൻ കഴിയില്ല. മനുഷ്യജീവന്റെ വിലയെ ചട്ടങ്ങളിലെ തുച്ഛമായ തുകയിലേക്ക് ചുരുക്കിക്കാണുന്നത് നീതീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.

വന്യമൃഗങ്ങൾ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള സ്വത്തായി പരിഗണിക്കപ്പെടുന്നതിനാൽ, അവ വരുത്തുന്ന നാശനഷ്ടങ്ങൾക്ക് സർക്കാരിന് നേരിട്ട് ബാധ്യതയുണ്ടെന്ന് കോടതി വ്യക്തമാക്കി. വനംവകുപ്പിന്റെ ഭാഗത്ത് അശ്രദ്ധയില്ലെങ്കിൽ പോലും സർക്കാർ നഷ്ടപരിഹാരം നൽകാൻ ബാധ്യസ്ഥരാണ്. 

വന്യമൃഗങ്ങൾ ജനവാസ മേഖലകളിലേക്കോ കൃഷിയിടങ്ങളിലേക്കോ കടക്കാതിരിക്കാൻ സോളാർ ഫെൻസിങ്, കിടങ്ങുകൾ എന്നിവ നിർമ്മിച്ച് സുരക്ഷ ഉറപ്പാക്കേണ്ടത് സർക്കാരിന്റെ ചുമതലയാണ്. വനാതിർത്തിയിൽ മതിയായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നതിൽ വീഴ്ചവരുത്തുന്നത് വഴി ഭരണഘടനയുടെ അനുച്ഛേദം 21 പ്രകാരം പൗരന്റെ ജീവന് സംരക്ഷണം നൽകുന്നതിൽ ഭരണകൂടം പരാജയപ്പെടുകയാണെന്നും കോടതി നിരീക്ഷിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക