Image

മിഡിൽ ഈസ്റ്റിൽ സമാധാനത്തിന് ഇന്ത്യയുടെ ബന്ധങ്ങൾ ഉപയോഗിക്കണമെന്നു ഇറാൻ അഭ്യർഥിച്ചു (പിപിഎം)

Published on 31 August, 2026
മിഡിൽ ഈസ്റ്റിൽ സമാധാനത്തിന് ഇന്ത്യയുടെ ബന്ധങ്ങൾ ഉപയോഗിക്കണമെന്നു ഇറാൻ അഭ്യർഥിച്ചു (പിപിഎം)

പ്രധാനമന്ത്രി നരേന്ദ്ര മോദി കിർഗിസ്ഥാനിൽ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനുമായി തിങ്കളാഴ്ച്ച ചർച്ച നടത്തി. ഷാങ്ങ്ഹായ് സഹകരണ സംഘടനയുടെ (എസ് സി ഒ) ഉച്ചകോടിക്കിടയിൽ നടന്ന ചർച്ചയിൽ മിഡിൽ ഈസ്റ്റ് യുദ്ധം അവസാനിപ്പിച്ചു സമാധാനം സ്ഥാപിക്കാനുള്ള ശ്രമങ്ങൾക്ക് ഇന്ത്യ നൽകുന്ന പിന്തുണ മോദി ആവർത്തിച്ചു.

ഇന്ത്യയുടെ സഹകരണത്തിനു പെസെഷ്കിയാൻ നന്ദി പറഞ്ഞു. രണ്ടു വർഷത്തിനു ശേഷമാണ് ഇരു നേതാക്കളും തമ്മിൽ കണ്ടത്.

മോദി എക്‌സിൽ കുറിച്ചു: "പ്രസിഡന്റ് മസൂദ്  പെസെഷ്കിയാനെ ബിഷ്കെക്കിൽ വച്ചു കണ്ടു. വിവിധ മേഖലകളിൽ ഇറാനുമായുള്ള ഇന്ത്യയുടെ ബന്ധം ശക്തമാക്കുമെന്നു ഉറപ്പു നൽകി. വരും കാലങ്ങളിൽ ഇറാനുമായുള്ള വ്യാപാരം മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നു. (മിഡിൽ ഈസ്റ്റിൽ)  ശാശ്വത സമാധാനത്തിനുള്ള എല്ലാ ശ്രമങ്ങൾക്കും പിന്തുണ നൽകും."

മോദി- പെസെഷ്കിയാൻ കൂടിക്കാഴ്ച്ച ഫലപ്രദമായിരുന്നുവെന്നു വിദേശകാര്യ മന്ത്രാലയം വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. "ഉഭയകക്ഷി ബന്ധങ്ങളുടെ പല വശങ്ങളും ഇരു നേതാക്കളും ചർച്ച ചെയ്തു. എല്ലാ തർക്കങ്ങളും ചർച്ചയിലും നയതന്ത്രത്തിലും കൂടി പരിഹരിക്കണമെന്ന ഇന്ത്യയുടെ സ്ഥിരം നിലപാട് പ്രധാനമന്ത്രി ആവർത്തിച്ചു."

കപ്പൽ പാതകളും വ്യാപാര മാർഗങ്ങളും അടച്ചിടാൻ പാടില്ലെന്നു മോദി ചൂണ്ടിക്കാട്ടി.

നയതന്ത്ര പരിശ്രമങ്ങൾ ഊർജ്ജിതമാക്കണമെന്നു  പെസെഷ്കിയാൻ ചൂണ്ടിക്കാട്ടിയതായി ഇറാന്റെ ഡൽഹിയിലെ എംബസി അറിയിച്ചു. മോദിയുടെ ബന്ധങ്ങൾ അതിനു ഉപയോഗിക്കണമെന്ന് അദ്ദേഹം നിർദേശിച്ചു.

ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചിയും ചർച്ചയിൽ പങ്കെടുത്തു.


Modi, Pezeshkian hold talks 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക