
ആർ.എസ്.എസിന്റെ നിയമപരമായ പദവി, രജിസ്ട്രേഷൻ, സാമ്പത്തിക സ്രോതസ്സുകൾ, ആസ്തിവകകൾ എന്നിവ വ്യക്തമാക്കുന്ന രേഖകൾ സമർപ്പിക്കണമെന്ന് കർണാടക മന്ത്രി പ്രിയങ്ക് ഖർഗെ ആവശ്യപ്പെട്ടു. പ്രമുഖ മാധ്യമപ്രവർത്തകൻ രജ്ദീപ് സർദേശായിയുമായുള്ള സംഭാഷണത്തിനിടെയാണ് ഖാർഗെ തന്റെ നിലപാട് വിശദീകരിച്ചത്.
നൂറു വർഷത്തെ ചരിത്രമുള്ള സംഘടനയാണെന്ന് അവകാശപ്പെടുന്ന ആർ.എസ്.എസ്, രാജ്യത്ത് എൻ.ജി.ഓ ആയിട്ടോ അല്ലാതെയോ ഔദ്യോഗികമായി രജിസ്റ്റർ ചെയ്തിട്ടുണ്ടോ എന്ന് വ്യക്തമാക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
സംഘടനയുടെ വരുമാനം, ബാങ്ക് അക്കൗണ്ടുകൾ, വർഷാന്ത ചെലവുകൾ, നികുതി അടച്ചതിന്റെ വിവരങ്ങൾ എന്നിവ പരസ്യപ്പെടുത്തണം.
മറ്റ് എല്ലാ ചാരിറ്റബിൾ സംഘടനകൾക്കും വ്യക്തികൾക്കും ബാധകമായ നിയമങ്ങളും ഭരണഘടനാപരമായ സുതാര്യതയും ആർ.എസ്.എസിനും ബാധകമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ആവശ്യപ്പെട്ട രേഖകൾ ലഭ്യമാക്കിയില്ലെങ്കിൽ വിഷയം പരിശോധിച്ചു നിയമപരമായ നടപടികളിലേക്ക് കടക്കുമെന്നും മന്ത്രി പ്രിയങ്ക് ഖർഗെ വ്യക്തമാക്കിയിട്ടുണ്ട്.
ഇതേസമയം കർണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാർഗെ ഉന്നയിച്ച ചോദ്യങ്ങൾ ദേശീയ രാഷ്ട്രീയത്തിൽ പുതിയ ചർച്ചയ്ക്ക് വഴിതുറന്നിരിക്കുകയാണ്.നൂറുവർഷത്തിലേറെയായി ഇന്ത്യയിൽ പ്രവർത്തിക്കുന്ന സംഘടനയാണ് ആർഎസ്എസ് എന്നാണ് സംഘടനയുടെ അവകാശവാദം.
രാജ്യത്തിന്റെ സാമൂഹിക-രാഷ്ട്രീയ ജീവിതത്തിൽ വലിയ സ്വാധീനമുള്ള സംഘടനയുമാണ് ആർഎസ്എസ്. കർണാടകയിലും സംഘടനയുടെ നേതൃത്വത്തിൽ നിരവധി പരിപാടികളും സമ്മേളനങ്ങളും നടക്കുന്നു. ഇത്തരം പരിപാടികൾക്ക് സംസ്ഥാന സർക്കാർ പോലീസ് സുരക്ഷ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സംഘടനയുടെ നിയമപരമായ ഘടനയും സാമ്പത്തിക സ്രോതസ്സുകളും സംബന്ധിച്ച വിവരങ്ങൾ അറിയാൻ സർക്കാരിന് അവകാശമുണ്ടെന്നാണ് പ്രിയങ്ക് ഖാർഗെയുടെ വാദം.
പൊതുജനങ്ങളുടെ നികുതിപ്പണമാണ് സർക്കാർ സംവിധാനങ്ങളുടെ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നത്. അതിനാൽ സർക്കാർ സംരക്ഷണം നൽകുന്ന സംഘടനയെക്കുറിച്ച് അടിസ്ഥാന വിവരങ്ങൾ അറിയുന്നത് സർക്കാരിന്റെ ഉത്തരവാദിത്തത്തിന്റെ ഭാഗമാണെന്നാണ് ഖാർഗെ ചൂണ്ടിക്കാട്ടുന്നത്.
സംഘടനയുടെ നിയമപരമായ പദവി എന്താണ്, സാമ്പത്തിക സ്രോതസ്സുകൾ എന്തൊക്കെയാണ്, പ്രവർത്തനങ്ങളുടെ രേഖകൾ എവിടെയാണ് സൂക്ഷിച്ചിരിക്കുന്നത്, നികുതി സംബന്ധമായ ബാധ്യതകൾ എങ്ങനെയാണ് നിറവേറ്റുന്നത് തുടങ്ങിയ ചോദ്യങ്ങളാണ് അദ്ദേഹം ഉന്നയിക്കുന്നത്.
ആർഎസ്എസിനെക്കുറിച്ച് രാജ്യത്തെ എല്ലാവർക്കും അറിയാമെന്നും രാജ്യത്തിന്റെ പ്രധാനമന്ത്രി പോലും സംഘടനയുമായി ബന്ധപ്പെട്ട വ്യക്തിയാണെന്നും അതിനാൽ പ്രത്യേകമായി സംഘടനയുടെ രജിസ്ട്രേഷൻ സംബന്ധിച്ച് അന്വേഷണം നടത്തേണ്ടതില്ലെന്ന വാദം ഉയരുമ്പോഴാണ് ഖാർഗെയുടെ മറുചോദ്യം പ്രസക്തമാകുന്നത്. ഇത്രയും വലിയ സ്വാധീനമുള്ള ഒരു സംഘടനയാണെങ്കിൽ അതിന്റെ പ്രവർത്തനങ്ങളെയും സാമ്പത്തിക സംവിധാനങ്ങളെയും സംബന്ധിച്ച വിവരങ്ങൾ നൽകുന്നതിൽ എന്താണ് ബുദ്ധിമുട്ടെന്നതാണ് അദ്ദേഹം ചോദിക്കുന്നത്.
ഒരു സംഘടന നൂറുവർഷത്തിലേറെയായി പ്രവർത്തിക്കുന്നുവെന്ന് അവകാശപ്പെടുന്നുവെങ്കിൽ, അതിന്റെ പ്രവർത്തനങ്ങളുടെ രേഖകളും സാമ്പത്തിക ഇടപാടുകളുടെ രേഖകളും എവിടെയെങ്കിലും ഉണ്ടായിരിക്കേണ്ടതല്ലേയെന്നും ഖാർഗെ ചോദിക്കുന്നു. രാജ്യത്തെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ വിഷയങ്ങളിൽ നിരന്തരം അഭിപ്രായങ്ങൾ പറയുന്ന ഒരു സംഘടനയ്ക്ക് സ്വന്തം പ്രവർത്തനങ്ങളെക്കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ വ്യക്തമാക്കാൻ കഴിയേണ്ടതുണ്ടെന്നും അദ്ദേഹം പറയുന്നു.