
സെപ്റ്റംബർ അഞ്ചിന് ഡൽഹിയിൽ നടക്കാനിരിക്കുന്ന സിജെപി മാർച്ചിന് നിയന്ത്രണം ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീം കോടതി. ബ്രിക്സ് ഉച്ചകോടി ചൂണ്ടിക്കാട്ടി മാർച്ചിന് നിയന്ത്രണം വേണമെന്നായിരുന്നു ഹർജിക്കാരന്റെ ആവശ്യം. പ്രദേശത്ത് ക്രമസമാധാനം ഉറപ്പാക്കേണ്ടത് ബന്ധപ്പെട്ട അധികൃതരുടെ ചുമതലയാണെന്ന് കോടതി വ്യക്തമാക്കി.
അനിഷ്ട സംഭവങ്ങൾ ഉണ്ടാകുമെന്ന് മുൻകൂട്ടി കണക്കാക്കേണ്ട സാഹചര്യമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജിയിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചത്. സെപ്റ്റംബർ അഞ്ചിന് ഇന്ത്യാ ഗേറ്റിൽ നിന്ന് ഡൽഹി പൊലീസ് ആസ്ഥാനത്തേക്കാണ് സിജെപി പ്രവർത്തക സമിതി യോഗം വൻ പ്രതിഷേധ മാർച്ചിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ജന്തർ മന്തറിൽ നടന്ന വിദ്യാർഥി പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് പുതിയ പ്രക്ഷോഭത്തിന് സിജെപി ആഹ്വാനം ചെയ്തിരിക്കുന്നത്.