Image

പോലീസ് ഉദ്യോഗസ്ഥനെ സിറിഞ്ചുകൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവം; നാല് പേര്‍ പിടിയില്‍

Published on 31 August, 2026
 പോലീസ് ഉദ്യോഗസ്ഥനെ സിറിഞ്ചുകൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവം; നാല് പേര്‍ പിടിയില്‍

 

കോഴിക്കോട്: പട്രോളിംഗ് സംഘത്തിലെ പോലീസ് ഉദ്യോഗസ്ഥനെ സിറിഞ്ചുകൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവത്തില്‍ നാല് പേര്‍ പിടിയില്‍. പൂളക്കടവ് സ്വദേശി ബെന്നി ലോയ്ഡ്(48), പരപ്പില്‍ സ്വദേശി രജാദ്(38), രാമനാട്ടുകര സ്വദേശി നന്ദകുമാര്‍ (25), ചാലപ്പുറം കോട്ടപ്പറമ്പ് സ്വദേശി അദ്നുല്‍ ഷാഹിം(22) എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ ദിവസം രാത്രി ആയിരുന്നു കേസിന് ആസ്പദമായ സംഭവം. മാനാഞ്ചിറ സ്‌ക്വയറിനുള്ളില്‍ പണപ്പിരിവ് നടക്കുന്നു എന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പട്രോളിംഗ് സംഘം അവിടേക്ക് എത്തുകയായിരുന്നു. സംശയാസ്പദ സാഹചര്യത്തില്‍ കണ്ട പ്രതികളോട് അവിടെ നിന്നും പോകാന്‍ പോലീസ് ആവശ്യപ്പെട്ടു.

ഇതേതുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിന് പിന്നാലെ മലപ്പുറം എംഎസ്പി ക്യാമ്പിലെ സിവില്‍ പോലീസ് ഓഫീസറും വടകര സ്വദേശിയുമായ കെ. ആദര്‍ശിന്റെ വലതു കൈയില്‍ സംഘത്തിണ്ടായിരുന്ന ഒരാള്‍ സിറിഞ്ചുകൊണ്ട് കുത്തുകയായിരുന്നു.

ആക്രമണത്തിന് ശേഷം പ്രതികള്‍ സ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ടു. പരിക്കേറ്റ പോലീസുകാരനെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെയോടെയാണ് നാല് പേരെയും അറസ്റ്റ് ചെയ്തത്. പ്രതികള്‍ സ്ഥിരം മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണെന്നും പോലീസ് വ്യക്തമാക്കി.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക