Image

'നബിദിന ആഘോഷങ്ങളില്‍ പെണ്‍കുട്ടികളെ കൊണ്ടുവന്ന് തുള്ളിച്ചു'; സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി അബ്ദുല്‍ ഹകീം അസ്ഹരി

Published on 31 August, 2026
 'നബിദിന ആഘോഷങ്ങളില്‍ പെണ്‍കുട്ടികളെ കൊണ്ടുവന്ന് തുള്ളിച്ചു'; സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി അബ്ദുല്‍ ഹകീം അസ്ഹരി

 

കൊച്ചി: നബിദിന ആഘോഷങ്ങളില്‍ പെണ്‍കുട്ടികളെ പങ്കെടുപ്പിച്ചതില്‍ വിമര്‍ശനവുമായി സമസ്ത എപി വിഭാഗം നേതാവും കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെ മകനുമായ ഡോ. അബ്ദുല്‍ ഹകീം അസ്ഹരി. നബിദിന ആഘോഷങ്ങളില്‍ പെണ്‍കുട്ടികളെ റോഡില്‍ കൊണ്ടുവന്ന് തുള്ളിക്കുന്ന സാഹചര്യം ഉണ്ടായെന്ന് അബ്ദുല്‍ ഹകീം അസ്ഹരി പറഞ്ഞു. അത് തിരുത്തേണ്ടത് പണ്ഡിതന്മാരുടെ ബാധ്യതയാണെന്ന് ഹകീം അസഹരി പറഞ്ഞു. ദീനിന്റെ കാര്യം പഠിപ്പിക്കാനാണ് കാന്തപുരം പ്രസ്താവന ഇറക്കിയതെന്നും അബ്ദുല്‍ ഹകീം അസ്ഹരി പറഞ്ഞു.

'ഈ വര്‍ഷം ചിലയിടങ്ങളില്‍ ഘോഷയാത്ര നടത്തി പെണ്‍കുട്ടികളെ കൊണ്ട് വന്ന് തുള്ളിക്കുന്ന സാഹചര്യമുണ്ടായി. അത് തിരുത്തേണ്ടത് പണ്ഡിതന്മാരുടെ ബാധ്യതയാണ്. തങ്ങളുടെ കാര്യങ്ങള്‍ പറയേണ്ടത് പണ്ഡിതന്മാരാണെന്നും രാഷ്ട്രീയക്കാരല്ലെന്നും സ്ത്രീകള്‍ പറയുന്നു. സ്ത്രീകളെ പ്രദര്‍ശനവസ്തുവാക്കണമെന്നാണ് ഇവര്‍ പറയുന്നത്. സ്ത്രീയെ പ്രദര്‍ശനവസ്തുവാക്കണമെന്ന് പറയുന്ന ഭരണഘടനാ വിരുദ്ധ ആശയത്തോട് യോജിക്കാന്‍ പറ്റില്ല. അത്തരം പ്രസ്താവനകളെ അവജ്ഞയോടെ തള്ളിക്കളയുന്നു. ഇത് മതേതര രാജ്യമാണ്. പൂര്‍ണ നഗ്‌നരായും അര്‍ധ നഗ്‌നരായും പൂര്‍ണമായി വസ്ത്രം ധരിച്ചും ആളുകള്‍ ജീവിക്കുന്ന രാജ്യമാണിത്', അബ്ദുല്‍ ഹകീം അസ്ഹരി പറഞ്ഞു.

സ്ത്രീകള്‍ നൊന്ത് പ്രസവിക്കണ്ട എന്ന ആശയം സമൂഹം പഠിപ്പിച്ചെന്നും അസ്ഹരി കുറ്റപ്പെടുത്തി. പുതിയ തലമുറയിലെ സ്ത്രീകള്‍ വേദന അനുഭവിക്കാനോ പ്രസവിക്കാന്‍ തയ്യാറോ അല്ല. കുഞ്ഞ് ഒന്നോ രണ്ടോ മതി എന്ന ആശയത്തിലേക്ക് പുതുതലമുറ എത്തിയതിന്റെ ദുരന്തം അനുഭവിക്കാന്‍ പോകുകയാണ്. രാജ്യത്തിന്റെയും സമൂഹത്തിന്റെയും നാശത്തിന് ഇത് കാരണമാകുന്നുവെന്നും അസ്ഹരി പറഞ്ഞു. യുക്തിവാദികള്‍ സ്ത്രീകളെ ബ്രെയിന്‍വാഷ് ചെയ്യുന്നുവെന്നും അസ്ഹരി പറഞ്ഞു.

'അടുക്കളയില്‍ പണിയെടുക്കുന്നത് വരെ മോശമായി ചിത്രീകരിച്ചു. അടുക്കളയില്‍ നിന്ന് സ്ത്രീകളെ പുറത്തെത്തിച്ച് മൊബൈലില്‍ ഫുഡ് ഓര്‍ഡര്‍ ചെയ്തോളൂ എന്ന് പറയുന്നു. വീട്ടില്‍ ഭക്ഷണമുണ്ടാക്കുന്നത് മോശമാണെന്ന് അവരെ കൊണ്ട് ചിന്തിപ്പിച്ചു. വൈവിധ്യങ്ങളുടെ നാടാണ് ഇന്ത്യ. ഇവിടെ എല്ലാവരും ഒരേ ഭക്ഷണമാണ് കഴിക്കേണ്ടത്, ഒരേ സംസ്‌കാരമേ പാടുള്ളു, ഭാഷയേ സംസാരിക്കാവൂ, ഒരേ രീതിയിലേ വിവാഹം ചെയ്യാവൂ എന്ന് പറയുന്നത് ജനാധിപത്യ വിരുദ്ധമാണ്. ആത്മീയതയില്‍ അധിഷ്ഠിതമായി അച്ചടക്കത്തോടെ ജീവിക്കണമെന്ന് മുസ്ലിം സമൂഹത്തിലെ സ്ത്രീകള്‍ തീരുമാനിച്ചാല്‍ അത് പാടില്ലെന്ന് പറയുന്നത് ഇന്ത്യന്‍ ഭരണഘടനയ്ക്ക് വിരുദ്ധമാണ്, ജനാധിപത്യത്തിന് എതിരാണ്' എന്നും അസ്ഹരി പറഞ്ഞു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക