
കോട്ടയം: വിന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയില്‍ പുതുപ്പള്ളിയിലെത്തി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ പുഷ്പാര്‍ച്ചന നടത്തി. ചാണ്ടി ഉമ്മന്‍ എംഎല്‍എയും ഒപ്പമുണ്ടായിരുന്നു. ഞായറാഴ്ച ഒരുമണിയോടെയാണ് പുതുപ്പള്ളിയിലെത്തിയത്. പുതുപ്പള്ളി കവലയില്‍ സംഘടിപ്പിച്ചിരുന്ന പരിപാടിയിലും ക്രിസ് ഗെയില്‍ പങ്കെടുത്തു. തുടര്‍ന്ന് ജോര്‍ജിയന്‍ പബ്ലിക് സ്‌കൂള്‍ ഗ്രൗണ്ടിലെ പൊതുപരിപാടിയില്‍ പങ്കെടുത്തു.
കൊച്ചി ബ്ലൂ ടൈഗേഴ്‌സ് സഹ ഉടമയായ ക്രിസ് ഗെയില്‍ ശനിയാഴ്ച രാവിലെ 8.40-നുള്ള ബാംഗ്ലൂര്‍ ഇന്‍ഡിഗോ വിമാനത്തിലാണ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്.
കേരളത്തില്‍ ഒരുപാട് മികച്ച ക്രിക്കറ്റ് താരങ്ങളുണ്ടെന്നും അവര്‍ക്കുള്ള മികച്ച അവസരമാണ് കെസിഎല്‍ പോലുള്ള ടൂര്‍ണമെന്റുകളെന്നും വിന്‍ഡീസ് ഇതിഹാസം നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കെസിഎല്‍ പോലുള്ള ടൂര്‍ണമെന്റുകളിലൂടെ താരങ്ങള്‍ ഉയര്‍ന്നുവരണമെന്നും ഗെയില്‍ പറഞ്ഞു.
'മുന്‍പ് ഒരിക്കല്‍ കേരളത്തില്‍ വന്നിട്ടുണ്ട്. കേരളത്തിലേക്ക് തിരികെ എത്തിയതില്‍ ഒരുപാട് സന്തോഷം. ഒരു സുഹൃത്ത് വഴിയാണ് കെസിഎല്‍ ടീമിന്റെ ഭാഗമാകുന്നത്. ഒരുപാട് മികച്ച താരങ്ങള്‍ കേരളത്തില്‍ ഉണ്ട്. അവര്‍ക്കുള്ള മികച്ച അവസരമാണ് കെസിഎല്‍. ഇതുപോലുള്ള ടൂര്‍ണമെന്റുകളിലൂടെ അവര്‍ ഉയര്‍ന്നുവരണം', ഗെയില്‍ പറഞ്ഞിരുന്നു.