
ആഴ്ചകൾ നീണ്ട വിശ്രമത്തിനു ശേഷം ഞായറാഴ്ച്ച യുഎസ് വീണ്ടും ഇറാനെതിരെ ആക്രമണം നടത്തി. ഹോർമുസ് കടലിടുക്കിൽ മൈനുകൾ വിതറാൻ ഇറാൻ ശ്രമിച്ചതിനെ തുടർന്നാണ് ലാറക് ദ്വീപിലെ മിസൈൽ നിരകൾക്കു നേരെ ആക്രമണം നടത്തിയതെന്നു യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു.
മണിക്കൂറുകൾക്കുള്ളിൽ, തിങ്കളാഴ്ച്ച പുലർച്ചെ ഇറാൻ തിരിച്ചടിച്ചത് ജോർദാനിലെ രണ്ടു യുഎസ് താവളങ്ങൾക്കു നേരെ മിസൈലുകളും ഡ്രോണുകളും വിക്ഷേപിച്ചാണ്.
ആക്രമണങ്ങളെ തുടർന്ന് എണ്ണ വില 2% ഉയർന്നു.
ലാറക് ദ്വീപിലെ യുഎസ് ആക്രമണത്തിൽ സിവിലിയന്മാർ ഉൾപ്പെടെ നിരവധി പേർ കൊല്ലപ്പെട്ടെന്നു ഇറാൻ വിപ്ലവ സേന ഐ ആർ ജി സി പറഞ്ഞു. രണ്ടു റോക്കറ്റ് വിക്ഷേപണ കേന്ദ്രങ്ങളിലാണ് യുഎസ് ബോംബുകൾ വർഷിച്ചത്.
ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതത്തിനു ഭീഷണി ഉയർത്തി മൈൻ വിതറാൻ ശ്രമം നടത്തിയതു കൊണ്ടാണ് 'പരിമിതവും സൂക്ഷ്മവുമായ' ആക്രമണം നടത്തിയതെന്നു സെന്റ്‌കോം എക്‌സിൽ കുറിച്ചു. "ചുരുക്കി പറഞ്ഞാൽ ഇറാൻ ഭീഷണി ഉയർത്തി. യുഎസ് സൈന്യം അതു നേരിട്ടു തകർത്തത് സിവിലിയൻ കപ്പൽ ജീവനക്കാരെയും വാണിജ്യ ഗതാഗതത്തെയും സംരക്ഷിക്കാനാണ്."
ജോർദാനിലെ യുഎസ് താവളങ്ങളിൽ ഇറാൻ ഖൈബർ ഷേകാൻ ബാലിസ്റ്റിക് മിസൈലുകളാണ് അടിച്ചതെന്നു ഐ ആർ ജി സി പറഞ്ഞു. 900 മൈൽ ദൂരം സഞ്ചരിക്കുന്ന മിസൈലുകളാണിവ. ഒപ്പം വേഗത കുറഞ്ഞ ഡ്രോണുകളും വിക്ഷേപിച്ചു.
യുഎസ് പോർ വിമാനങ്ങൾക്കു താവളമായ മുവാഫാഖ് സാൾട്ടി എയർ ബേസിലും കിംഗ് ഹുസെയ്ൻ എയർ ബേസിലുമാണ് ആക്രമണം നടത്തിയത്. രണ്ടിടത്തും കനത്ത നാശനഷ്ടം ഉണ്ടായെന്നു ഇറാൻ അവകാശപ്പെട്ടു.
എന്നാൽ യുഎസ് വൃത്തങ്ങൾ അതു നിഷേധിച്ചു. എല്ലാ മിസൈലുകളും ഡ്രോണുകളും തടുത്തെന്നാണ് അവർ പറയുന്നത്.
ഹോർമുസിനു മേലുള്ള ഇറാന്റെ നിയന്ത്രണം ഇല്ലാതാക്കാൻ ശ്രമിക്കേണ്ടെന്നു ഐ ആർ ജി സി താക്കീതു നൽകി.
ഹോർമുസിൽ കപ്പൽ ഗതാഗതം യുദ്ധത്തിനു മുൻപുണ്ടായിരുന്നതിനെക്കാൾ ഏറെ കുറഞ്ഞെന്നു നിരീക്ഷകരായ യുകെ മാരിടൈം ട്രേയ്ഡ് ഓപ്പറേഷൻസ് പറഞ്ഞു. വാരാന്ത്യത്തിൽ ഹോർമുസ് കടന്ന കപ്പലുകൾ വെറും അഞ്ചെണ്ണം മാത്രമായിരുന്നു.
ഒമാന് 22 കിലോമീറ്റർ അകലെ ഒരു കപ്പലിനു നേരെ ശനിയാഴ്ച്ച ആക്രമണം ഉണ്ടായി.
US attacks Iran after weeks, IRGC hits Jordan